അനധികൃത മണല്‍കടത്ത് വ്യാപകം: കുമ്പളയില്‍ നടപടി ശക്തമാക്കി പൊലീസ്

Update: 2025-08-02 05:21 GMT

ബന്തിയോട്. കുമ്പളയിലും പരിസരത്തും അനധികൃത മണല്‍കടത്ത് വ്യാപകമാക്കി മണല്‍ മാഫിയ. മണല്‍കടത്താന്‍ പ്രത്യേകം റോഡ് വരെ തയ്യാറാക്കിയാണ് അര്‍ദ്ധ രാത്രിയില്‍ മണല്‍ കടത്തുന്നത്. പുഴയില്‍ നിന്ന് മണലെടുത്ത് കരയില്‍ കൂട്ടിയിട്ട് രാത്രിയോടെയാണ് ഇത് കടത്തുന്നത്. മണല്‍കടത്ത് വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കുമ്പള പൊലീസ് നടപടി ശക്തമാക്കി. ബന്തിയോട് പാച്ചാണിയില്‍ കടവിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള റോഡ് നിര്‍മിച്ചത് പൊലീസ് തകര്‍ത്തു. ഇവിടെ പരിസരത്തായി കൂട്ടിയിട്ട ലോഡുകണക്കിന് മണല്‍ പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പുഴയിലേക്ക് തള്ളി. പുലര്‍ച്ച മൊഗ്രാള്‍ നാങ്കിയില്‍ പോലീസ് നടത്തിയ പരിശോധനയിലും മണല്‍ കൂട്ടിയിട്ടത് കണ്ടെത്തി. ഇതും പുഴയിലേക്ക് തള്ളി. വെള്ളിയാഴ്ച വൈകിട്ട് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജിജേഷ്.എസ്.ഐ. ശ്രിജേഷ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

കുമ്പളയിലും പരിസരങ്ങളിലും മണല്‍മാഫിയ വ്യാപകമായി പിടിമുറുക്കിയിരിക്കുകയാണ്. പൊലീസില്‍ വരെ മാഫിയയ്ക്ക് സ്വാധീനമുള്ളതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പൊലീസ് പരിശോധനയുടെ വിവരങ്ങള്‍ മണല്‍ മാഫിയക്ക് ചോര്‍ത്തി നല്‍കിയതില്‍ ആറ് പൊലീസുകാരെ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.

Similar News