ബംബ്രാണയില്‍ വീട്ടിലെ അലമാര തകര്‍ത്ത് 9 പവന്‍ സ്വര്‍ണവും 85,000 രൂപയും കവര്‍ന്നു
മോഷണം നടന്നത് നൗഷാദ് തിരൂറിന്റെ വീട്ടില്‍;
കുമ്പള: ബംബ്രാണയില്‍ വീട്ടിലെ അലമാരയുടെ സെല്‍ഫ് തകര്‍ത്ത് 9 പവന്‍ സ്വര്‍ണാഭരണങ്ങളും 85,000 രൂപയും കവര്‍ന്നതായി പരാതി. നൗഷാദ് തിരൂറിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് 25ന് രാത്രി ഏഴ് മണിക്ക് നൗഷാദിന്റെ ഭാര്യാ പിതാവ് ഹമീദ് വീടിന്റെ മുന്‍വശത്തെ വാതില്‍ ചാരി ബംബ്രാണ ടൗണിലേക്ക് ചായ കുടിക്കാനായി പോയിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നിട്ട നിലയിലും അലമാരയുടെ സെല്‍ഫ് തകര്‍ത്ത നിലയിലും കാണുകയായിരുന്നു. സെല്‍ഫില്‍ സൂക്ഷിച്ച പണവും സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പൊലീസ് അന്വേഷിച്ചു വരികയാണ്.