കുമ്പളയില്‍ വാഹന ഉടമകള്‍ക്ക് എട്ടിന്റെ പണി; നിയമ ലംഘകര്‍ക്ക് ഒരുമിച്ച് പിഴ
എ.ഐ.ക്യാമറയുടെ സാങ്കേതികവിദ്യ തകരാര്‍ മൂലമാണ് ഇങ്ങനെ പിഴ ഒന്നിച്ച് വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.;
കുമ്പള: എ.ഐ ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച വാഹന യാത്രികര്‍ക്ക് എട്ടിന്റെ പണി നല്കി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ പിഴ ഒരുമിച്ച് അടക്കാന്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് അയച്ചു.
ആയിരം രൂപ മുതല്‍ ഒരു ലക്ഷം വരെ ഒരു ഉടമ തന്നെ പിഴ അടക്കേണ്ട സാഹചര്യം വന്നതോടെ പലരും വെട്ടിലായിരിക്കുകയാണ്. ബന്തിയോട് അടുക്കം റോഡിലും കുമ്പള ബദിയടുക്ക റോഡിലും സര്‍ക്കാര്‍ സ്ഥാപിച്ച എ. ഐ. ക്യാമറകളില്‍ നിന്നാണ് വാഹന ഉടമകള്‍ക്ക് ലക്ഷക്കണക്കിന് രൂപ പിഴയടക്കാനുള്ള നോട്ടീസ് ഒരുമിച്ചെത്തിയത്.
ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ വാഹന ഉടമകള്‍ പരക്കം പായുകയാണ്. കാറുകളിലും മറ്റു വാഹനങ്ങളിലും സീറ്റ് ബെല്‍ട്ട് ധരിക്കാത്തവര്‍ക്കും ഇരു ചക്രവാഹന യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ധരിക്കാത്തവര്ക്കുമാണ് പിഴ ചുമത്തിയിട്ടുള്ളത്.
എ.ഐ.ക്യാമറയുടെ സാങ്കേതികവിദ്യ തകരാര്‍ മൂലമാണ് ഇങ്ങനെ പിഴ ഒന്നിച്ച് വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ബബ്രാണയിലെ ടെമ്പോ ഡ്രൈവര്‍ സന്ദീപിന് ബന്തിയോട് അടുക്കയിലെ ക്യാമറയിലും കുമ്പള ബദിയടുക്ക റോഡിലെ ക്യാമറയിലും പതിഞ്ഞ നിയമലംഘനങ്ങളുടെ പേരില്‍ ഒരു ലക്ഷം രൂപയാണ് പിഴയടക്കണമെന്ന് കാണിച്ച് വീട്ടിലേക്ക് നോട്ടീസെത്തിയത്.
കുമ്പളയിലെ ഇരുചക്ര വാഹന ഗാരേജ് ഉടമ നവീന്‍ ബദിയടുക്ക റോഡിലെ ക്യാമറയില്‍ പതിഞ്ഞ നിയമലംഘനത്തിന്റെ പേരില്‍ 5000 രൂപ പിഴ അടക്കണമെന്ന് മൊബൈലിലാണ് സന്ദേശം വന്നത്.
ഇതുപോലെ ആയിരക്കണക്കിന് വാഹന ഉടമകള്‍ക്കാണ് 2021 വര്‍ഷം മുതല്‍ 2025 വരെയുള്ള പിഴ തുകയായ 25000, 10000, 15000 എന്നിങ്ങനെ വന്‍ തുകകള്‍ അടക്കണമെന്ന് കാണിച്ച് നോട്ടീസ് എത്തിയിട്ടുള്ളത്. പിഴ ഒന്നിച്ചെത്തിയതോടെ അടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വാഹന ഉടമകള്‍ ഗതാഗത മന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കാന് തീരുമാനിച്ചു. നടപടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.