തെരുവ് കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കം; പഞ്ചായത്ത് ഓഫീസില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍; ഉദ്യോഗസ്ഥന്‍ പൊട്ടിക്കരഞ്ഞു
പലരും ചേര്‍ന്ന് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥന്റെ ആരോപണം;
കുമ്പള: തെരുവ് കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഉദ്യോഗസ്ഥന്‍ പൊട്ടിക്കരഞ്ഞു. ബസ് ഷെല്‍ട്ടര്‍ അഴിമതിയും പ്രസിഡണ്ടിന്റെ ഭര്‍ത്താവ് രേഖ പരിശോധിക്കുന്ന സംഭവവും കത്തിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം കുമ്പള പഞ്ചായത്ത് ഓഫീസില്‍ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഒരു സ്ത്രീ പത്ത് ദിവസം മുമ്പ് കുമ്പള പഞ്ചായത്ത് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന് കുമ്പള ടൗണിലെ തെരുവ് കച്ചവടം നീക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പല പ്രാവശ്യം സ്ത്രീ പഞ്ചായത്ത് ഓഫീസിലെത്തി പരാതിയുടെ കാര്യം ഉദ്യോഗസ്ഥനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഫോണ്‍ ചെയ്താല്‍ എടുക്കുന്നില്ല. കാര്യം അന്വേഷിക്കാന്‍ വെള്ളിയാഴ്ച ഉച്ചയോടെ സ്ത്രീ പഞ്ചായത്ത് ഓഫീസിലെത്തി ഞാന്‍ കൊടുത്ത പരാതിക്ക് പരിഹാരമായോ എന്നും പല പ്രാവശ്യം ഫോണ്‍ ചെയ്തെങ്കിലും ഫോണ്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഇതോടെ നിങ്ങള്‍ അടക്കം പലരും ചേര്‍ന്ന് എന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
എന്തിനാണ് നിങ്ങളെ കള്ളക്കേസില്‍ കുടുക്കുന്നതെന്ന് സ്ത്രീ ചോദിച്ചപ്പോള്‍ ബസ് ഷെല്‍ട്ടറില്‍ അഴിമതി നടന്നത് കാരണം ബില്‍ ഒപ്പ് വെക്കാന്‍ കഴിയുന്നില്ലെന്നും മറ്റു ചില കാര്യങ്ങള്‍ക്ക് ഞാന്‍ കൂട്ടുനില്‍ക്കാത്തതിന് എന്നെ ഭരണ പക്ഷത്തെ ചില ആള്‍ക്കാരും മറ്റ് ചിലരും ചേര്‍ന്ന് കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ പൊട്ടിക്കരയുകയാണുണ്ടായത്.
ഇതിനിടെ ഈ ഉദ്യോഗസ്ഥന്‍ മറ്റൊരു ഉദ്യാഗസ്ഥനോട് മോശമായ രീതിയില്‍ സംസാരിക്കുകയും ഇവര്‍ രണ്ട് പേരും ഏറെ നേരം തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നിങ്ങള്‍ തന്ന പരാതി അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈ മാറിയിട്ടുണ്ടെന്ന് സ്ത്രീയോട് ഉദ്യേഗസ്ഥന്‍ പറഞ്ഞു. ഒടുവില്‍ പൊലീസും മറ്റുള്ളവരും ചേര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിച്ചതോടെയാണ് എല്ലാവരും മടങ്ങിപോയത്.