കാറിടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും 9 വയസുള്ള അനുജനെയും മര്‍ദ്ദിച്ചതായി പരാതി

ഉളുവാറിലെ റുവൈസ്, അനുജന്‍ റിയാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.;

Update: 2025-05-03 06:37 GMT

കുമ്പള: നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ചത്  ചോദ്യം ചെയ്ത യുവാവിനെയും ഒമ്പത് വയസുള്ള അനുജനെയും മര്‍ദ്ദിച്ചതായി പരാതി. ഉളുവാറിലെ റുവൈസ്(20), അനുജന്‍ റിയാന്‍(9) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഉളുവാര്‍ മദ്രസക്ക് സമീപമാണ് സംഭവം. ബന്ധുവായ കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ റുവൈസും റിയാനും ബൈക്ക് നിര്‍ത്തി കാത്തിരിക്കുന്നതിനിടെ ഒരു കാര്‍ വന്ന് ബൈക്കിലിടിച്ചു. ഇതിനെ റുവൈസ് ചോദ്യം ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ തിരിച്ചുപോയി. പിന്നീട് വീടിന് സമീപം ബൈക്കിലിരിക്കുകയായിരുന്ന റുവൈസിനെ കാറിലെത്തിയവര്‍ വലിച്ചിറക്കി മര്‍ദ്ദിച്ചു.

റുവൈസിനൊപ്പമുണ്ടായിരുന്ന റിയാനും അടിയേറ്റു. കാര്‍ ഉടമയും മകനുമാണ് ഇരുവരെയും അടിച്ച് പരിക്കേല്‍പ്പിച്ചത്. റുവൈസിനെയും റിയാനെയും കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar News