കുമ്പള ഭാസ്‌ക്കര നഗറില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ചു
ആറ് മാസത്തിനിടെ ഇരുപതില്‍ പരം അപകടങ്ങളാണ് ഇവിടെ നടന്നത്;
കുമ്പള: കുമ്പള ഭാസ്‌ക്കര നഗറില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബദിയടുക്ക ഭാഗത്ത് നിന്ന് വന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്കിടിച്ചത്. കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു. ആറ് മാസത്തിനിടെ ഇരുപതില്‍ പരം അപകടങ്ങളാണ് ഇവിടെ നടന്നത്.
പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഒന്നര വര്‍ഷം മുമ്പാണ് കുമ്പള മുള്ളേരിയ റോഡിന്റെ പണി പൂര്‍ത്തിയായത്. റോഡിന്റെ മിനുസമാണ് ഇത്രയും അപകടങ്ങള്‍ നടക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഭാസ്‌ക്കര നഗര്‍ മുതല്‍ ശാന്തിപ്പള്ളം വരെ റോഡ് വീണ്ടും പൊളിച്ചു മാറ്റി മിനുസം കുറച്ച് ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.