കുമ്പള ഗവ ആസ്പത്രിക്ക് പുതിയ കെട്ടിടം ഉയരും;ഫണ്ട് അനുവദിച്ചതായി എം.എല്‍.എ

Update: 2025-09-30 10:00 GMT

കുമ്പള: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന കുമ്പള സി.എച്ച്.സിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചതായി എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനമില്ലാത്തത് മൂലം കുമ്പള സി.എച്ച്.സിയില്‍ എത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ദുരിതമായിരുന്നു. ദിവസേന 500 ഓളം രോഗികളാണ് തീരദേശ മേഖലയിലുള്ള ഈ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നത്. ചോര്‍ന്നൊലിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ ഒഴിവാക്കിയതോടെ അടിസ്ഥാന സൗകര്യമില്ലാതെ രോഗികളും ആസ്പത്രി ജീവനക്കാരും ഏറെ പ്രയാസപ്പെട്ടിരുന്നു. ഇതിന് പരിഹാരമെ ന്നോണമാണ് ഇന്നലെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫില്‍ നിന്ന് ആശ്വാസവാര്‍ത്ത എത്തിയത്. സര്‍ക്കാറിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് കുമ്പള ഗവ. ആസ്പത്രിക്ക് 4.36 കോടി രൂപയുടെ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ചതായും ഇതിന്റെ ആദ്യ ഗഡുവായ 1.09 കോടി രൂപ അനുവദിച്ചുകിട്ടിയതായും ഇതിന്റെ ടെണ്ടര്‍ നടപടികള്‍ താമസിയാതെ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവൃത്തി കള്‍ക്ക് തുടക്കം കുറിക്കുമെന്നും എം.എല്‍.എ. അറിയിച്ചു. അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതിന് തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടുടമ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഈ പ്രഖ്യാപനം ഉണ്ടായത്. കുമ്പളയിലെ സി.എച്ച്.സി കെട്ടിടത്തിന് 65 വര്‍ഷത്തെ പഴക്കമുണ്ട്. ആസ്പത്രിക്ക് പുതിയ കെട്ടിടത്തിനായുള്ള ഫണ്ട് അനുവദിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

Similar News