മലയാളസിനിമയെ അന്തര്‍ദേശീയതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു.;

Update: 2025-04-28 15:01 GMT

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു.

ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ആയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍ കരുണിന്റെ അവസാന പൊതുപരിപാടി.

സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയില്‍ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എന്‍. കരുണിന് കാനില്‍ അടക്കം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1989 ല്‍ പിറവി എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്‍ എന്ന നിലയില്‍ ഷാജി എന്‍. കരുണിന്റെ അരങ്ങേറ്റം. 'പിറവി' എഴുപതോളം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം നേടി.

കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായ അദ്ദേഹം നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്. നിഷാദ്, സ്വപാനം, ഓള് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. പതിനാലോളം ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

വിഖ്യാത സംവിധായകന്‍ ജി. അരവിന്ദനുമായുള്ള സൗഹൃദമാണ് ഷാജിയുടെ ജീവിതത്തില്‍ നിര്‍ണായകമായത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത്, മാറാട്ടം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു.

കാഞ്ചന സീതയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, സര്‍ഗം, എം.ടിയുടെ മഞ്ഞ് തുടങ്ങി 40 ഓളം സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു.

എന്‍. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952 ല്‍ കൊല്ലം ജില്ലയിലെ കണ്ടംചിറയിലായിരുന്നു ഷാജിയുടെ ജനനം. കുടുംബം പിന്നീടു തിരുവനന്തപുരത്തേക്കു താമസം മാറ്റി. പള്ളിക്കര സ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, യൂണിവേഴ്സിറ്റി കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സിനിമാട്ടോഗ്രഫിയില്‍ ഡിപ്ലോമ നേടി. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്റെ ഫിലിം ഓഫിസറായി ജോലി ചെയ്തിരുന്നു.

ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.

Similar News