പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍; ആരോഗ്യനില തൃപ്തികരം
കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയവെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എം.എല്‍.എയുമായ പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. ഇസിജി വേരിയേഷനെ തുടര്‍ന്നാണ് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചിരുന്നു.
നിലവില്‍ ജോര്‍ജിന്റെ ആരോഗ്യനില തൃപ്തികരമാണ്. നില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം അടുത്ത ദിവസം തന്നെ പി സി ജോര്‍ജ് വീണ്ടും ജാമ്യപേക്ഷ നല്‍കും.
മത വിദ്വേഷ പരാമര്‍ശ കേസില്‍ സ്റ്റേഷനില്‍ ഹാജരാകാതെ ഈരാറ്റുപേട്ട കോടതിയിലാണ് പി സി ജോര്‍ജ് കീഴടങ്ങിയത്. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 6 മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് പാല സബ് ജയിലിലേക്ക് അയച്ചു. മുന്‍പ് നടത്തിയ വിദ്വേഷ പരമാര്‍ശങ്ങള്‍ അടക്കം ചൂണ്ടികാട്ടി പി സി ജോര്‍ജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. 30 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും പെട്ടെന്ന് പ്രകോപനത്തിന് ഇരയാകുന്ന പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന് ജാമ്യം തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.
കീഴടങ്ങിയതിന് പിന്നാലെ പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യ പരിശോധനയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ഇസിജിയില്‍ വേരിയേഷന്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോര്‍ജ് പൊലീസില്‍ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു.ഇതോടെ പൊലീസ് സ്റ്റേഷന്‍ പരിസരത്തും പി സി ജോര്‍ജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു. അതിനിടെയാണ് രാവിലെ 10.50 ന് പി സി കോടതിയില്‍ കീഴടങ്ങിയത്. പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കോടതിയില്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.
എന്നാല്‍ കോടതി മുന്‍കാല വിദ്വേഷ പരാമര്‍ശങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് തീരുമാനിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെയാണ് പി സിയുടെ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്.