സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന വിരുതന്‍ ബേക്കല്‍ പൊലീസിന്റെ പിടിയില്‍

മേല്‍പ്പറമ്പിലെ മുഹമ്മദ് ഷംനാസ് ആണ് അറസ്റ്റിലായത്;

Update: 2025-08-11 05:49 GMT

ഉദുമ: സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവിനെ ബേക്കല്‍ പൊലീസ് പിടികൂടി മാഹി പൊലീസിന് കൈമാറി. മേല്‍പ്പറമ്പിലെ മുഹമ്മദ് ഷംനാസ് (33) ആണ് അറസ്റ്റിലായത്. ന്യൂ മാഹി സ്റ്റേഷന്‍ പരിധിയിലെ വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചശേഷം ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുന്ന പ്രതിയുടെ വീഡിയോ മാഹി പൊലീസ് എല്ലാ പൊലീസ് സ്റ്റേഷനിലേക്കും കൈമാറിയിരുന്നു.

ഈ വീഡിയോ കണ്ട ബേക്കല്‍ പൊലീസ് ഷംനാസിനെ തിരിച്ചറിഞ്ഞു. ബേക്കല്‍ പൊലീസ് തന്നെ ഇയാളെ പിടികൂടി ന്യൂമാഹി പൊലീസിന് കൈമാറി. തലശ്ശേരി, നാദാപുരം, ന്യൂ മാഹി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ 2025-ല്‍ മാത്രം ഒട്ടേറെ മാല പൊട്ടിക്കല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍, മേല്‍പ്പറമ്പ്, കാസര്‍കോട്, പരിയാരം പൊലീസ് സ്റ്റേഷനുകളില്‍ പത്തോളം മാല പൊട്ടിക്കല്‍ കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്. വയനാട് ജില്ലയില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുകളും നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭാരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഡി.വൈ.എസ്.പി വി.വി. മനോജ്, ഇന്‍സ്‌പെക്ടര്‍ എം.വി. ശ്രീദാസ്, എസ്.ഐ.എം. സവ്യസച്ചി, സിപിഒമാരായ ഷാജന്‍ ചീമേനി, ബിനീഷ് ചായ്യോത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Similar News