സഞ്ചാരികളെ മാടി വിളിക്കാന്‍ ഇനി പൊലിയം തുരുത്ത്; ഉത്തരമലബാറിന്റെ ടൂറിസം മേഖലയില്‍ പുതിയ ഇടം

സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു;

Update: 2025-08-11 09:28 GMT

എരിഞ്ഞിപ്പുഴ: വടക്കന്‍ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പുതിയ ഇടം നേടാന്‍ ഇനി പൊലിയം തുരുത്ത് ഇക്കോ ടൂറിസം ഗ്രാമവും. ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഇക്കോ ടൂറിസം ഗ്രാമം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നാടിന് സമര്‍പ്പിച്ചു. എരിഞ്ഞിപ്പുഴയില്‍ പയസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തില്‍ പ്രകൃതി സൗഹൃദമായി നിര്‍മിച്ച ഇക്കോ ടൂറിസം ഗ്രാമം ഇനി സഞ്ചാരികളെ മാടിവിളിക്കും. ജില്ലയിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം വില്ലേജായ പൊലിയംതുരുത്ത് ആറേക്കര്‍ സ്വകാര്യഭൂമി സൊസൈറ്റി പാട്ടത്തിനെടുത്ത് ഭൂപ്രകൃതിയില്‍ മാറ്റം വരുത്താതെയാണ് സജ്ജീകരി്ച്ചിരിക്കുന്നത്.

കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, ആംഫി തിയേറ്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, റസ്റ്റോറന്റ്, നടപ്പാതകള്‍, കളിസ്ഥലങ്ങള്‍, വിശ്രമയിടങ്ങള്‍, റിവര്‍ വ്യൂ, പക്ഷിനിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ ആകര്‍ഷണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലവും കാടും വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും.

സഹകരണ മേഖലയിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം വില്ലേജാണ് ജില്ലയില്‍ യാഥാര്‍ത്ഥ്യമായത്. കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ടൂറിസം വില്ലേജില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ സന്ദര്‍ശിച്ചുവെന്ന് സൊസൈറ്റി പ്രസിഡണ്ട് സിജി മാത്യു പറഞ്ഞു. ബാങ്ക്വറ്റ് ഹാള്‍, കണ്‍വെഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവിടങ്ങളിലായി 127 പരിപാടികള്‍ക്കും ഇതിനോടകം പൊലിയം തുരുത്ത് വേദിയായി.2022ലാണ് പൊലിയംതുരുത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. നാല് കോടി രൂപ വകയിരുത്തിയാണ് പദ്ധതി ഒരുക്കിയത്.

Similar News