പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിന് കണക്കില്ല; ജല അതോറിറ്റിക്ക് മൗനം

Update: 2025-08-11 10:32 GMT

കാസര്‍കോട്: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍. കുടിവെള്ളമില്ലാതെ അലയുന്ന നിരവധി കുടുംബങ്ങളുടെ നെഞ്ച് തകരുകയാണ് കണ്‍മുന്നില്‍ വെള്ളം പാഴാവുന്നത് കാണുമ്പോള്‍. തളങ്കരയിലും അടുക്കത്ത്ബയലിലും ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായിട്ടും നടപടിയെടുക്കാത്തതിനാല്‍ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. മഴക്കാലമായിട്ടും കുടിക്കാന്‍ നല്ല വെള്ളം കിട്ടാത്ത നിരവധി കുടുംബങ്ങളുണ്ട് ജില്ലയില്‍. ഇവര്‍ ജല അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഓരോ തുള്ളിയും അമൂല്യമായി കരുതി വെള്ളം ശേഖരിക്കുന്ന കുടുംബങ്ങള്‍്ക്ക് മുന്നിലൂടെയാണ് പൈപ്പ് പൊട്ടി ലിറ്റര്‍ കണക്കിന് വെള്ളം റോഡിലൂടെ ഒഴുകി പാഴായിപ്പോവുന്നത്. തളങ്കര നുസ്രത്ത് നഗറിന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തുടര്‍ക്കഥയാവുകയാണ്. ദിവസങ്ങളായി വെള്ളം പാഴായിപ്പോവുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൈപ്പ് പൊട്ടിയതോടെ പല കുടുംബങ്ങളുടെയും കുടിവെള്ളവും മുടങ്ങി. വെള്ളമില്ലാത്തതിനാല്‍ കടുത്ത ദുരിതത്തിലാണ് ഇവര്‍. ജല അതോറിറ്റിയെ വിളിച്ച് പറഞ്ഞാല്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അനുകൂല മറുപടി ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

അടുക്കത്ത് ബയലില്‍ ഹൈവെയിലേക്ക് പ്രവേശിക്കുന്നതിന്റെ സമീപം സര്‍വീസ് റോഡിലും സ്ഥിതി മറിച്ചല്ല. സര്‍വീസ് റോഡിന്റെ അരികിലുള്ള കുടിവെള്ള പൈപ്പ് രണ്ട് ഇടങ്ങളിലാണ് പൊട്ടിയത്. പൈപ്പ് പൊട്ടി ഒരാഴ്ചയായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊട്ടിയ രണ്ട് പൈപ്പുകളില്‍ നിന്നും വലിയ അളവിലാണ് വെള്ളം പാഴാവുന്നത്. മുനിസിപ്പാലിറ്റി അതിര്‍ത്തിയിലുള്ള സ്ഥലമാണിത്. പരാതി പറഞ്ഞിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഏ യഥേഷ്ടം വെള്ളം പാഴാവുകയാണ്. മുനിസിപ്പല്‍ അതിര്‍ത്തിയിലുള്ള സ്ഥലത്താണ് വെള്ളം പാഴാകുന്നത്. നന്നാക്കാന്‍ ദിവസങ്ങളായിട്ടും ആരും എത്തിയിട്ടില്ല.

Similar News