കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇജാസ് ബേക്കല്‍ പൊലീസിന്റെ പിടിയില്‍

തളിപ്പറമ്പ, മാംഗ്ലൂര്‍, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;

Update: 2025-08-11 06:11 GMT

ബേക്കല്‍: കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇജാസ്(26) ബേക്കല്‍ പൊലീസിന്റെ പിടിയില്‍. തളിപ്പറമ്പ പൊലീസ് സ്റ്റേഷന്‍, മാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂട്ടറില്‍ സഞ്ചരിച്ചു വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ചു കടന്നുകളയുകയാണ് ഇയാളുടെ പ്രധാന രീതിയെന്ന് പൊലീസ് പറഞ്ഞു. പാക്യര സ്വദേശിയാണ്. ബേക്കല്‍ പൊലീസ് ആണ് ഇയാളെ സമര്‍ത്ഥമായി പിടികൂടിയത്.

നേരത്തെ ബേക്കല്‍ സ്റ്റേഷനില്‍ കാപ്പ, ഹോസ് ദുര്‍ഗ്, ബേഡകം പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചുപറി കേസുകളിലും പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ബിവി വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീദാസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്.ഐ മനു കൃഷ്ണന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജന്‍ ചീമേനി, ബിനീഷ് ചായ്യോത്ത്, പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Similar News