കുന്നിടിച്ച് മണ്ണ്‌ കടത്താന്‍ ശ്രമം; ടിപ്പര്‍ലോറികളും ജെ.സി.ബിയും കസ്റ്റഡിയില്‍

രണ്ട് ഡ്രൈവര്‍മാര്‍ കസ്റ്റഡിയിലെടുത്തു;

Update: 2025-08-11 04:56 GMT

കുമ്പള: മണല്‍ മാഫിയയെ മുട്ടു കുത്തിച്ച കുമ്പള പൊലീസ് ചെമ്മണ്ണ് മാഫിയക്കെതിരെയും കര്‍ശന നടപടിക്കൊരുങ്ങുന്നു. ബംബ്രാണയിലും സീതാംഗോളിയിലും കുന്നിടിച്ച് ചെമണ്ണ് കടത്താന്‍ ശ്രമിച്ച രണ്ട് ടിപ്പര്‍ ലോറികളും ഒരു ജെസിബിയും കസ്റ്റഡിയിലെടുത്തു. രണ്ട് ഡ്രൈവര്‍മാരെയും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ സി. പ്രദീപ് കുമാര്‍, ശരത് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ജെ.സി.ബിയും ടിപ്പര്‍ ലോറികളും കസ്റ്റഡിയിലെടുത്തത്.

മണല്‍ മാഫിയക്ക് ഒത്താശ ചെയ്തു കൊടുത്ത കുമ്പള സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതിന് ശേഷം മണല്‍ മാഫിയ സംഘത്തിനെതിരെ കര്‍ശന നടപടിയെടുത്ത കുമ്പള പൊലീസ് അനധികൃതമായി കുന്നിടിച്ച് ചെമ്മണ്ണെടുക്കുന്ന മാഫിയക്കെതിരെയും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുകയാണ്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുധീഷ്, ഡ്രൈവര്‍ അജീഷ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Similar News