ജില്ലയിലുടനീളം പരക്കെ എക്സൈസ് പരിശോധന; മദ്യവും വാഷും പിടികൂടി; 2 പേര്‍ പിടിയില്‍

മൂന്ന് ചാക്കുകളിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം;

Update: 2025-06-09 07:59 GMT

കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മദ്യവും വാഷും പിടികൂടി. കാസര്‍കോട് എക്സൈസ് റെയ്ഞ്ച് കുഡ് ലു പായിച്ചാലില്‍ നടത്തിയ പരിശോധനയില്‍ വൈദ്യുതി തൂണിന് സമീപം സൂക്ഷിച്ച നിലയില്‍ 11.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി. സംഭവത്തില്‍ പായിച്ചാലിലെ കെ. ശരത് കുമാറി(44)നെതിരെ കേസെടുത്തു.

നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എന്‍. വൈശാഖും സംഘവും മാലോം മുട്ടോംകടവില്‍ നടത്തിയ പരിശോധനയില്‍ പൊതു സ്ഥലത്ത് സൂക്ഷിച്ച 60 ലിറ്റര്‍ വാഷ് പിടികൂടി. ഇതിന് പിന്നിലുള്ളയാളെ കണ്ടെത്താനായില്ല.

കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അസി. ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവും കൈനോത്ത് നടത്തിയ പരിശോധനയില്‍ 180 മില്ലിയുടെ 402 കുപ്പി ഗോവന്‍ നിര്‍മ്മിത മദ്യവും പിടികൂടി.

മൂന്ന് ചാക്കുകളിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. പ്രതിയെ അന്വേഷിച്ച് വരുന്നു. ഹൊസ് ദുര്‍ഗ് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെ സ്‌കൂട്ടറില്‍ കടത്തികൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി കാഞ്ഞങ്ങാട് കടപ്പുറത്തെ എ.കെ സജേഷി(37)നെ പിടികൂടി. കൊവ്വല്‍ പോളി ടെക്നിക്-റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് പിടികൂടിയത്.

Similar News