കാസര്‍കോട് നഗരസഭാ ലൈബ്രറിയുടെ കാര്യം കഷ്ടമാണ്

പുതിയ പുസ്തകങ്ങളില്ല, ശൗചാലയവും അടച്ചിട്ട് തന്നെ;

By :  Sub Editor
Update: 2025-05-28 10:15 GMT

കാസര്‍കോട്: കാസര്‍കോട് നഗരസഭയ്ക്ക് കീഴിലുള്ള മഹാത്മാഗാന്ധി ലൈബ്രറിയുടെ സ്ഥിതി പരിതാപകരം. ആറ് മാസമായി ഇവിടത്തെ ശൗചാലയം അടച്ചിട്ടിരിക്കുകയാണ്. വെള്ളമില്ലാത്തത് കാരണമാണ് രണ്ട് ശൗചാലയങ്ങളും പൂട്ടിയിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് വായനക്കാരുടെ കൂട്ടായ്മ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ല. നിത്യേന നൂറുകണക്കിന് വായനക്കാരും പഠനത്തിന് വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന ലൈബ്രറി കം റീഡിംഗ് റൂമിന്റെ അവസ്ഥയും പരിതാപകരമാണ്. 2017ന് ശേഷം പുതുതായി ഒരു പുസ്തകവും ലൈബ്രറിയില്‍ എത്തിയിട്ടില്ലെന്നാണ് വായനക്കാരുടെ പരാതി. പൊട്ടിപ്പൊളിഞ്ഞ കെട്ടിടം അപകടാവസ്ഥയിലാണ്. മഴ ശക്തമായ സാഹചര്യത്തില്‍ അപകടഭീതിയോടെയാണ് വായനക്കാര്‍ ഇവിടെ എത്തുന്നത്. റഫറന്‍സ് കേന്ദ്രം പ്രവര്‍ത്തിക്കുന്ന മൂന്നാംനില തുറക്കാറെ ഇല്ലെന്നും പരാതിയുണ്ട്. ലൈബ്രറിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന് നഗരസഭയുടെ കീഴില്‍ ഒരു വര്‍ഷം മുമ്പ് പുനര്‍ജനി എന്ന പേരില്‍ ജനപ്രതിനിധികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ശൗചാലയം അടച്ച സംഭവത്തില്‍ വായനക്കാരുടെ കൂട്ടായ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

മുനിസിപ്പല്‍ ലൈബ്രറിയുടെ ശൗചാലയം അടച്ചിട്ട നിലയില്‍

Similar News