ഓര്‍മ്മകള്‍ അയവിറക്കി 45 വര്‍ഷത്തിന് ശേഷം ഗേള്‍സ് സ്‌കൂളിലെ പഴയ വിദ്യാര്‍ത്ഥിനികളുടെ ഒത്തുകൂടല്‍

1979-80 ബാച്ച് എസ്.എസ്.എല്‍.സി കൂട്ടായ്മയാണ് വിവിധ പരിപാടികളോടെയും സ്‌കൂളിന് സാമ്പത്തിക സഹായം നല്‍കിയും ഒത്തുകൂടിയത്;

Update: 2025-06-14 04:54 GMT

കാസര്‍കോട്: പഴയ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും കെട്ടഴിച്ച് 45 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ പഴയ വിദ്യാര്‍ത്ഥിനികള്‍ ഒത്തുകൂടി. 1979-80 ബാച്ച് എസ്.എസ്.എല്‍.സി കൂട്ടായ്മയാണ് വിവിധ പരിപാടികളോടെയും സ്‌കൂളിന് സാമ്പത്തിക സഹായം നല്‍കിയും ഒത്തുകൂടിയത്. പലരും ഇത്രയധികം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി കണ്ടുമുട്ടുകയായിരുന്നു.


അതിനാല്‍ തന്നെ ഈ ഒത്തുകൂടല്‍ അവര്‍ക്ക് അവിസ്മരണീയമായി. കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും പാട്ടുപാടിയും തിരുവാതിര കളിച്ചും നൃത്തമാടിയുമായിരുന്നു ഒത്തുകൂടല്‍. ഇവരുടെ സൗഹൃദ കൂട്ടായ്മ സ്വരൂപിച്ച തുക സ്‌കൂളിലെ നിര്‍ധന കുട്ടികളെ സഹായിക്കുന്ന പദ്ധതിയിലേക്കായി ഹെഡ്മിസ്ട്രസ് സവിത ടീച്ചറെ ഏല്‍പ്പിച്ചു. പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ നേര്‍ന്നും ഇനിയും ഒത്തുകൂടുമെന്ന് പ്രത്യാശ പകര്‍ന്നാണ് സംഗമം അവസാനിപ്പിച്ചത്.

ഉമ്മാലിയുമ്മ സ്വാഗതം പറഞ്ഞു. സക്കീന, ജമീല, റംല, വിശാല, താഹിറ, മഞ്ജുള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അംബിക, ശ്യാമള എന്നിവര്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചു. വിടപറഞ്ഞ സഹപാഠികളെ അനുസ്മരിക്കുകയും അനുശോചിക്കുകയും ചെയ്തു.

Similar News