മധൂര്‍ പട് ളയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവ് മരിച്ചു

പാലക്കുന്ന് ഫാല്‍ക്കണ്‍ ടെക് സ്റ്റെല്‍സ് ഉടമ കരിപ്പോടിയിലെ അസീസിന്റെ മകന്‍ സാദിഖ് ആണ് മരിച്ചത്.;

Update: 2025-05-31 05:08 GMT

കാസര്‍കോട്: മധുര്‍ പട് ളയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവ് മരിച്ചു. പാലക്കുന്ന് ഫാല്‍ക്കണ്‍ ടെക് സ്റ്റെല്‍സ് ഉടമ കരിപ്പോടിയിലെ അസീസിന്റെ മകന്‍ സാദിഖ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഭാര്യാ സഹോദരന്‍ മൊയ്തീനോടൊപ്പം മധൂര്‍ പട്ളയില്‍ നടന്നു പോകുമ്പോള്‍ കാല്‍ വഴുതി വയലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്നാണ് ഒഴുക്കില്‍ പെട്ടത്. സാദിഖിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൊയ്തീനും ഒഴുക്കില്‍പ്പെട്ടെങ്കിലും വയലിലെ പഴയ ഇലക്ട്രിക് പോസ്റ്റില്‍ പിടുത്തം കിട്ടിയതിനാല്‍ രക്ഷപ്പെട്ടു.

നാട്ടുകാരും ഫയര്‍ ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി സാദിഖിനെ പത്തടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. അരമന വയലിലെ ഭാര്യയുടെ വീട്ടില്‍ നിന്ന് ഭാര്യയുടെ മറ്റൊരു സഹോദരനായ അബ്ദുല്‍സലാമിന്റെ വീട്ടില്‍ വെള്ളം കയറുന്നുണ്ടെന്നറിഞ്ഞ് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.  ദുബൈയില്‍ കാഷ്യറായി ജോലി ചെയ്തു വന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.

മാതാവ്: അസ്മ. ഭാര്യ: ഫര്‍സാന പട് ള, മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്‍, സവാദ്, ശബാന.

Similar News