പെരിയയിലെ സുബൈദ വധക്കേസില്‍ ഒന്നാം പ്രതിക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി 10 വര്‍ഷം കഠിന തടവായി കുറച്ചു; മൂന്നാംപ്രതിയെ വിട്ടയച്ച വിധി ശരിവെച്ചു

മധൂര്‍ കുഞ്ചാര്‍ കോട്ടക്കണിയിലെ കെ.എം അബ്ദുള്‍ ഖാദറിനാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്;

Update: 2025-06-19 04:59 GMT

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഒന്നാം പ്രതിക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി 10 വര്‍ഷം കഠിനതടവായി കുറച്ചു. സുബൈദ വധക്കേസിലെ നാല് പ്രതികളില്‍ ഒരാളായ മധൂര്‍ കുഞ്ചാര്‍ കോട്ടക്കണിയിലെ കെ.എം അബ്ദുള്‍ ഖാദറി(39)നാണ് ഹൈക്കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയത്.

അബ്ദുള്‍ ഖാദറിനെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചിരുന്നത്. ജില്ലാ കോടതി വിധിക്കെതിരെ അബ്ദുള്‍ ഖാദര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജഡ് ജിമാരായ പി.ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് ശിക്ഷയില്‍ ഇളവ് വരുത്തിയത്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും സ്വര്‍ണ്ണാഭരണം ഊരിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് അബ്ദുള്‍ ഖാദര്‍ ഹൈക്കോടതിയില്‍ മൊഴി നല്‍കിയത്. ഈ മൊഴി പരിഗണിച്ചാണ് ശിക്ഷ കുറച്ചത്. 2018 ജനുവരി 19നാണ് ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ചുതാമസിക്കുകയായിരുന്ന സുബൈദയെ കൊലപ്പെടുത്തി 27 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.

2022 ഡിസംബറിലാണ് അബ്ദുള്‍ ഖാദറിന് ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയായ അര്‍ഷാദിനെ കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കോടതി വിട്ടയച്ചിരുന്നു.

നാലാംപ്രതിയായ ബാവ അസീസിനെ കേസില്‍ മാപ്പുസാക്ഷിയാക്കി. രണ്ടാംപ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ വിചാരണക്ക് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അര്‍ഷാദിനെ വിട്ടയച്ചതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ജില്ലാകോടതി വിധി ഹൈക്കോടതി ശരിവെച്ചു.

Similar News