കാറില്‍ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ രണ്ടാം പ്രതിക്ക് 2 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും; ഒന്നാംപ്രതിക്കെതിരെ അറസ്റ്റ് വാറണ്ട്

കുമ്പള ഷേഡിക്കാവിലെ എം മുഹമ്മദ് ഹനീഫക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്;

Update: 2025-06-12 04:51 GMT

കാസര്‍കോട്: കാറില്‍ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ പ്രതിക്ക് കോടതി രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. കുമ്പള ഷേഡിക്കാവിലെ എം മുഹമ്മദ് ഹനീഫ(30)ക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2018 സെപ്തംബര്‍ 22ന് രാവിലെ 11 മണിക്ക് കാസര്‍കോട് പുലിക്കുന്നില്‍ ചന്ദ്രഗിരിപ്പാലത്തിനടിയില്‍ അന്നത്തെ കാസര്‍കോട് എസ്.ഐ ആയിരുന്ന പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ 450 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന സീതാംഗോളി എ.കെ.ജി നഗറിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസലിനെയും മുഹമ്മദ് ഹനീഫയെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അന്നത്തെ സി.ഐ ആയിരുന്ന സി.എ അബ്ദുള്‍ റഹീമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

വിചാരണസമയത്ത് ഹാജരാകാതിരുന്ന ഒന്നാംപ്രതി ഫൈസലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

Similar News