ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കംബോഡിയയിലും മ്യാന്‍മറിലും കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ളവര്‍ നേരിട്ടത് കടുത്ത പീഡനങ്ങള്‍

2024-ല്‍ അനധികൃത കോള്‍ സെന്ററുകളില്‍ കുടുങ്ങിയ ഇവര്‍ ഒടുവില്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവന്നു.;

Update: 2025-05-15 04:36 GMT

കാസര്‍കോട്: സാമൂഹ്യമാധ്യമങ്ങള്‍ വഴി ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ളവര്‍ കംബോഡിയയിലും മ്യാന്‍മറിലും നേരിട്ടത് കടുത്ത പീഡനങ്ങള്‍. കോള്‍ സെന്റര്‍ ജോലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കംബോഡിയയിലെയും മ്യാന്‍മറിലെയും തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എത്തിപ്പെട്ട കാസര്‍കോട് സ്വദേശികളായ മൂന്ന് പേരാണ് പല തരത്തിലും പീഡിപ്പിക്കപ്പെട്ടത്.

2024-ല്‍ അനധികൃത കോള്‍ സെന്ററുകളില്‍ കുടുങ്ങിയ ഇവര്‍ ഒടുവില്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവന്നു. അതിനുശേഷമാണ് തങ്ങള്‍ അനുഭവിച്ച ദുരിതങ്ങലെ കുറിച്ച് വെളിപ്പെടുത്തുന്നത്. ഒരു കോള്‍ സെന്ററില്‍ ജോലി ലഭിക്കുമെന്ന് വിശ്വസിച്ച് കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തില്‍ കുടുങ്ങിയ മഞ്ചേശ്വരം സ്വദേശി നേരിട്ടത് കൊടും പീഡനമാണ്. വാട്സ് ആപ്പ് വഴി നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വിജയ് എന്ന് പരിചയപ്പെടുത്തിയ തെലുങ്ക് സംസാരിക്കുന്ന ഒരാളാണ് സംസാരിച്ചത്.

മലപ്പുറം സ്വദേശിയായ അജ് മലിനെ വിജയ് പരിചയപ്പെടുത്തി. 2024-ല്‍ മഞ്ചേശ്വരം സ്വദേശി അജ് മലുമായി ബന്ധപ്പെട്ടപ്പോള്‍, താന്‍ കംബോഡിയയിലെ ഒരു കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 800 യുഎസ് ഡോളര്‍ ലഭിക്കുമെന്നും ഭക്ഷണവും താമസവും സൗജന്യമാണെന്നും പറഞ്ഞു. ആധാര്‍ കാര്‍ഡും പാസ് പോര്‍ട്ട് വിശദാംശങ്ങളും അയച്ചതിന് ശേഷം 10 ദിവസത്തിന് ശേഷം മഞ്ചേശ്വരം സ്വദേശിക്ക് വാട് സ് ആപ്പ് വഴി വിസ ലഭിച്ചു.

2024 ജനുവരി 19-ന് കംബോഡിയയില്‍ വിമാനമിറങ്ങിയ യുവാവിനെ വിജയും അജ്മലും വിമാനത്താവളത്തില്‍ സ്വീകരിച്ചു. അജ് മലിന് 800 യുഎസ് ഡോളര്‍ നല്‍കിയ ശേഷം അവര്‍ മൂന്ന് മണിക്കൂര്‍ ടാക്സിയില്‍ യാത്ര ചെയ്തു. ഒമ്പത് നിലകളുള്ള ഒരു വലിയ കെട്ടിടത്തിലെത്തിയ ശേഷം കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി മഞ്ചേശ്വരം സ്വദേശിയെ ഇംഗ്ലീഷില്‍ ഇന്റര്‍വ്യൂ ചെയ്തു.

എന്ത് ജോലി ചെയ്യാനാണ് വന്നതെന്ന് ജീവനക്കാരി ചോദിച്ചപ്പോള്‍ കസ്റ്റമര്‍ സര്‍വീസ് ജോലിക്കാണെന്ന് മറുപടി നല്‍കി. കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ജോലിയല്ല സ്‌കാം ജോലിയാണെന്ന് ജീവനക്കാരി പറഞ്ഞു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ തിരിച്ചു പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മഞ്ചേശ്വരം സ്വദേശിക്ക് താങ്ങാനാവാത്ത 1500 എക്‌സിറ്റ് ഫീസ് അടക്കണമെന്നും ഇല്ലെങ്കില്‍ പോകാന്‍ കഴിയില്ലെന്നും പറഞ്ഞു.

മഞ്ചേശ്വരം സ്വദേശിയെ കൂടാതെ കേരളത്തില്‍ നിന്നുള്ള മറ്റ് പുരുഷന്മാരും ഉണ്ടായിരുന്നു. ജോലി ചെയ്യാന്‍ ഇവരെല്ലാം നിര്‍ബന്ധിതരായി. ആദ്യകാലങ്ങളില്‍ ഉപയോക്താക്കളെ വഞ്ചനാപരമായ നിക്ഷേപ പദ്ധതികളിലേക്ക് ആകര്‍ഷിച്ച് സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യാന്‍ ഗ്രൂപ്പിന് പരിശീലനം നല്‍കി. പിന്നീട് ഇരകളെ ഒരു വ്യാജ ട്രേഡിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് വഞ്ചിച്ചു. അതിലൂടെ അവരുടെ പണവും തട്ടിയെടുത്തു.

ഇങ്ങനെ തട്ടിപ്പ് നടത്തുന്നതിന് ഓരോ രാജ്യത്തിനും ഓരോ സെക്ഷന്‍ ഉണ്ട്. ഓരോ രാജ്യക്കാരുടെ സെക്ഷനിലേക്ക് അവരുടെ രാജ്യത്തിലുള്ള ആള്‍ക്കാരെ മാത്രമേ ജോലിക്ക് എടുക്കാറുള്ളൂ. ജോലി ഉപേക്ഷിക്കുമെന്ന് മഞ്ചേശ്വരം സ്വദേശി പറഞ്ഞപ്പോള്‍ തട്ടിപ്പുസംഘം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിപ്പില്‍ കുടുങ്ങിയ മറ്റൊരു മലയാളി കൊല്ലം എംപി വഴി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങി.

കംബോഡിയയില്‍ ഇത്തരം നൂറുകണക്കിന് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിപുലമായ തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. രണ്ട് മാസത്തെ നിര്‍ബന്ധിത ജോലിക്ക് വെറും 400 ഡോളര്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് ഒന്നും ലഭിച്ചില്ല. കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി വ്യക്തികളെ സാധാരണയായി കംബോഡിയയിലേക്ക് കൊണ്ടുപോകാറുണ്ടെന്ന് മഞ്ചേശ്വരം സ്വദേശി പറഞ്ഞു.

സമാന രീതിയില്‍ മറ്റൊരു വ്യക്തിയും ഇന്‍സ്റ്റാഗ്രാമില്‍ കണ്ട കോള്‍ സെന്റര്‍ ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് കംബോഡിയയില്‍ എത്തിപ്പെട്ടു. ബയോമെട്രിക്ക് അധിഷ്ഠിത പ്രവേശന കവാടത്തോട് കൂടിയതും 300 ഓളം സായുധ സുരക്ഷാ ജീവനക്കാരാല്‍ സംരക്ഷിക്കപ്പെടുന്നതുമായ വലിയ ചുറ്റുമതിലോട് കൂടിയ കെട്ടിട സമുച്ചയത്തിലേക്കാണ് കൊണ്ടുപോയത്.

അവിടെ 500 ലധികം ഇന്ത്യക്കാര്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു. അതില്‍ തന്നെ 200 ലധികം പേര്‍ മലയാളികളായിരുന്നു. സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പുരുഷന്മാരുമായി ചാറ്റ് നടത്തുകയും ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍ തൂക ലാഭം വാഗ്ദാനം നല്‍കി അവരെ ഓണ്‍ലൈന്‍ ട്രേഡിങ്ങ് ബിസിനസിലേക്ക് ആകര്‍ഷിക്കുകയുമാണ് രീതി. ഓണ്‍ലൈന്‍ ട്രേഡിങ്ങ് ലിങ്ക് അയച്ചു നല്‍കുകയും നിക്ഷേപം നടത്താന്‍ നിര്‍ബന്ധിക്കുകയും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ താല്‍പ്പര്യമുള്ളവരുടെ വിവരങ്ങള്‍ കമ്പനിയിലെ മാനേജര്‍ക്ക് നല്‍കുകയും ചെയ്തു.

അമ്പലത്തറ സ്വദേശിയായ യുവാവ് ഡാറ്റാ എന്‍ട്രിക്കായി ഒരു ജോലിക്ക് പോയപ്പോള്‍ മ്യാന്‍മറില്‍ കുടുങ്ങി. തന്റെ സുഹൃത്ത് വഴിയാണ് ജോലി കണ്ടെത്തിയത്. മ്യാന്‍മറില്‍ എത്തിയ ശേഷം അദ്ദേഹത്തിന് പെട്ടെന്ന് പരിശീലനം നല്‍കി. ചൈനീസ് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവരങ്ങള്‍ വിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു ചുമതല. തുടക്കത്തില്‍ നിയമാനുസൃതമായി തോന്നിയ ജോലി ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ താന്‍ വിവര്‍ത്തനം ചെയ്യുന്ന ഉള്ളടക്കം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കി.

ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അമ്പലത്തറ സ്വദേശിയെ ദിവസങ്ങളോളം വെളിച്ചമില്ലാത്ത മുറിയില്‍ പൂട്ടിയിട്ടു. ആരോടും സംസാരിക്കാന്‍ പറ്റാതെയുമായി. ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചപ്പോള്‍ മോചിപ്പിക്കുന്നതിന് അവര്‍ 4,000 ഡോളര്‍ ആവശ്യപ്പെട്ടു. ഈ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ പീഡനം സഹിച്ച് അവിടെ തുടര്‍ന്നു. ശിക്ഷ അവിടെ അവസാനിച്ചില്ല. അദ്ദേഹത്തിന്റെ ശമ്പളം വെട്ടിക്കുറച്ചു, അദ്ദേഹത്തിന്റെ ഫോണ്‍ ഉപയോഗം ഒരു ദിവസം വെറും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തി.

ആ പരിധി കവിഞ്ഞാല്‍ പിഴയും ചുമത്തി. ഈ സംഭവങ്ങള്‍ക്കു ശേഷം ഒരു ചൈനീസ് അഭിനേതാവിനെ അവിടെ കൊണ്ടുവന്നു മുടി മുറിച്ച് മൊട്ടയാക്കി ബലമായി ജോലി ചെയ്യിപ്പിച്ചു. അത് അവിടെ വലിയ പ്രശ്നമായി മാറി. ഇതോടെ തായ് ലന്‍ഡ്, മ്യാന്‍മാര്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇടപെട്ടു. ഇതോടെയാണ് താന്‍ ഉള്‍പ്പെടയുള്ള 200 ല്‍ അധികം ഇന്ത്യക്കാര്‍ മോചിതരായതെന്ന് അമ്പലത്തറ സ്വദേശി പറഞ്ഞു. കാസര്‍കോട് സൈബര്‍ ക്രൈം പൊലീസിനോട് നാട്ടില്‍ തിരിച്ചെത്തിയവര്‍ തങ്ങള്‍ നേരിട്ട തിക്താനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കംബോഡിയ, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിക്കാന്‍ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശ്രീദാസ് എം.വി, സൈബര്‍ സെല്‍ എന്നിവരെ ചുമതലപ്പെടുത്തി.

Similar News