പക്ഷാഘാതത്തെ വ്യായാമത്തിലൂടെ അതിജീവിച്ച മുന്‍ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

തളങ്കര നുസ്രത്ത് റോഡിലെ ജമാല്‍ ആണ് വ്യാഴാഴ്ച പുലര്‍ച്ചെ അന്തരിച്ചത്.;

Update: 2025-06-05 09:58 GMT

തളങ്കര: പക്ഷാഘാതത്തെ നിരന്തരമായ വ്യായാമത്തിലൂടെ അതിജീവിക്കുന്നതിനിടെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. തളങ്കര നുസ്രത്ത് റോഡിലെ ജമാല്‍ (63) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ അന്തരിച്ചത്. നേരത്തെ സ്ട്രോക്കിനെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു.

എന്നാല്‍ നിരന്തരം വ്യായാമം ചെയ്ത് സ്ട്രോക്ക് മൂലമുള്ള പ്രശ്നങ്ങളെ മറികടന്ന ജമാല്‍ ആരോഗ്യ നിലയിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. പുലിക്കുന്നില്‍ ലഫ്. മുഹമ്മദ് ഹാഷിമിന്റെ സ്മരണാര്‍ത്ഥം നഗരസഭ പണിത വ്യായാമ കേന്ദ്രം ഉപയോഗപ്പെടുത്തിയ അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു ജമാല്‍.

തളങ്കരയില്‍ നിന്ന് രാവിലെ ഇവിടെയെത്തി പതിവായി വ്യായാമം ചെയ്യുമായിരുന്നു. ഇതിന്റെ ഫലവും കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്ന് എത്തിയ മകനെയും മരുമകളെയും എയര്‍പോര്‍ട്ടില്‍ ചെന്ന് കൂട്ടിക്കൊണ്ടുവന്നത് ജമാലാണ്. തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ അന്ത്യമുണ്ടായത്.

നേരത്തെ ദീര്‍ഘകാലം അബൂദാബിയിലായിരുന്നു. അബൂദാബി തളങ്കര ജമാഅത്തിന്റെ സജീവ അംഗമായിരുന്നു. കവി പരേതനായ പി. സീതിക്കുഞ്ഞി മാസ്റ്ററുടെ മകളും പി.എസ്. ഹമീദിന്റെ സഹോദരിയുമായ സൈഫുന്നിസയാണ് ഭാര്യ. മക്കള്‍: ഷബീര്‍, ഷാനിബ്, സജ് ന. മരുമക്കള്‍: നഈം, സജ്ന. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹ്‌മാന്‍, ബീവി, ആയിഷ.

Similar News