ദേളി കൂവത്തടിയില്‍ വൈദ്യുതി ലൈനില്‍ തട്ടി കണ്ടെയ് നര്‍ ലോറിക്ക് തീപിടിച്ചു

10 ഓളം റഫ്രിജറേറ്ററുകള്‍ ഭാഗികമായി കത്തി, മറ്റുള്ളവ സേനയുടെ ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി പുറത്തിറക്കി;

Update: 2025-06-14 04:35 GMT

കാസര്‍കോട് : മേല്‍പ്പറമ്പ്-ദേളി റോഡിലെ കൂവത്തടിയില്‍ വൈദ്യുതി ലൈനില്‍ തട്ടി കണ്ടെയ് നര്‍ ലോറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.20 മണിയോടെയാണ് സംഭവം. ഇലക്ട്രിക് ലൈനില്‍ ലോറിയുടെ മുകള്‍ഭാഗം തട്ടിയതോടെയാണ് തീപിടിച്ചത്. തുടര്‍ന്ന് കണ്ടെയ് നറിലേക്ക് പടര്‍ന്നു.

കണ്ടെയ് നറിനുള്ളില്‍ ഉണ്ടായിരുന്ന നിരവധി റഫ്രിജറേറ്ററുകള്‍ക്ക് തീ പിടിച്ചു. സ്ഥലത്തെത്തിയ ബേക്കല്‍ എസ്.ഐ കാസര്‍കോട് അഗ്നി രക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹര്‍ഷയുടെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെയും നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തേക്കെത്തുകയും തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ സേന ഷിയേഴ്‌സ് ഉപയോഗിച്ച് പൂട്ട് പൊളിച്ച് കണ്ടെയ് നറിനുള്ളിലുണ്ടായിരുന്ന തീ നിയന്ത്രണവിധേയമാക്കുകയും പിന്നീട് ലക്ഷക്കണക്കിന് രൂപ വിലയുള്ള നിരവധി റഫ്രിജറേറ്ററുകള്‍ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ടെയ് നറിനുള്ളിലുണ്ടായിരുന്ന തീ പൂര്‍ണമായും കെടുത്തി.

ഏകദേശം 10 റഫ്രിജറേറ്ററുകള്‍ ഭാഗികമായി കത്തിയെങ്കിലും സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വിലപിടിപ്പുള്ള മറ്റു റഫ്രിജറേറ്ററുകളും വാഹനവും കേടുപാടുകളില്ലാതെ സുരക്ഷിതമാക്കി. സേനാംഗങ്ങളായ കെ.ആര്‍ അജേഷ്, ഷൈജു, ടി. അമല്‍ രാജ്, അഖില്‍ അശോകന്‍, ജെ.എ അഭസെന്‍, സാദിഖ്, വൈശാഖ്, ഹോംഗാര്‍ഡുമാരായ ടി.വി പ്രവീണ്‍, സുമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Similar News