ആദിവാസി പെണ്‍കുട്ടിയുടെ മരണം; സുപ്രധാന തെളിവായ വാഹനം ബന്തടുക്കയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു
പെണ്‍കുട്ടിയുടെ മൃതദേഹം കടത്തിക്കൊണ്ടുപോകാന്‍ പ്രതി പാണത്തൂരിലെ ബിജു പൗലോസ് ഉപയോഗിച്ച ജീപ്പാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.;
കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന തെളിവായ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കടത്തിക്കൊണ്ടുപോകാന്‍ പ്രതി പാണത്തൂരിലെ ബിജു പൗലോസ് ഉപയോഗിച്ച ജീപ്പാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.
ഈ ജീപ്പ് പ്രതി പിന്നീട് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു. കേസില്‍ 15 വര്‍ഷത്തിന് ശേഷമാണ് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ക്രൈംബ്രാഞ്ച് പ്രതി ബിജു പൗലോസിനെ അറസ്റ്റ് ചെയ്തത്. മഡിയനിലെ ക്വാര്‍ട്ടേഴ്‌സില്‍ ബിജു പൗലോസിനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ പിന്നീട് ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നും ഈ വിവരം പുറത്തറിഞ്ഞാല്‍ അറസ്റ്റിലാകുമെന്ന് ഭയന്ന് മൃതദേഹം ജീപ്പില്‍ കയറ്റി പാണത്തൂരിലേക്ക് കൊണ്ടുപോകുകയും പുഴയില്‍ കല്ലുകെട്ടി താഴ്ത്തുകയും ചെയ്തുവെന്നുമാണ് ബിജു പൗലോസ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
പെണ്‍കുട്ടി തൂങ്ങി മരിച്ചതല്ലെന്നും ബിജു പൗലോസ് കൊലപ്പെടുത്തിയതാണെന്നുമുള്ള സംശയം ക്രൈംബ്രാഞ്ചിനുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി ബിജു പൗലോസിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
മഡിയനിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് വിസമ്മതിച്ചതോടെ തങ്ങള്‍ വഴക്കുകൂടിയിരുന്നുവെന്നും ബിജു പൗലോസ് വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച പ്രശ്‌നം നിലനില്‍ക്കെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും പ്രതി മൊഴി നല്‍കി. പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് സംശയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെങ്കിലും ബിജു പൗലോസ് ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഇതേ തുടര്‍ന്നാണ് ബിജു പൗലോസിനെ നുണപരിശോധനക്ക് വിധേയനാക്കുന്നതിനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് പൊലീസ് ഹൊസ് ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രതിയുടെ വിസമ്മതം കാരണം തള്ളുകയായിരുന്നു. ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഡി.ജി.പി രൂപീകരിച്ച അന്വേഷണസംഘം കഴിഞ്ഞമാസമാണ് ബിജു പൗലോസിനെ കര്‍ണ്ണാടകയില്‍ നിന്ന് പിടികൂടിയത്.
ക്രൈംബ്രാഞ്ച് ഐ.ജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴയില്‍ നിന്നും ലഭിച്ച എല്ലിന്‍ കഷണവും കൊലുസും പെണ്‍കുട്ടിയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൊലപാതകമാണെന്ന് തെളിയിക്കുന്നതിന് പ്രതിയുടെ കുറ്റസമ്മതമൊഴി കൂടി ആവശ്യമാണ്.