ഏരിയ പ്രതിനിധി തിരഞ്ഞെടുപ്പ്; ബാലറ്റ് അടയാളപ്പെടുത്തി നല്‍കിയത് സി.പി.എമ്മില്‍ വിവാദമാകുന്നു
കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ലോക്കല്‍ സമ്മേളനങ്ങളിലാണ് പ്രതിനിധികള്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ ബാലറ്റ് പേപ്പര്‍ അടയാളപ്പെടുത്തി നല്‍കിയത്.;
കാസര്‍കോട്: ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധി തിരഞ്ഞെടുപ്പ് വേളയില്‍ ബാലറ്റ് പേപ്പറില്‍ അടയാളപ്പെടുത്തി നല്‍കി രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയ സംഭവം സി.പി.എമ്മില്‍ വിവാദമാകുന്നു. കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ലോക്കല്‍ സമ്മേളനങ്ങളിലാണ് പ്രതിനിധികള്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ ബാലറ്റ് പേപ്പര്‍ അടയാളപ്പെടുത്തി നല്‍കിയത്.
സംഭവം കടുത്ത അച്ചടക്ക ലംഘനമാണെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം നേതാക്കളും ചൂണ്ടിക്കാട്ടി. ഒരു ഏരിയ നേതാവിനെതിരെയാണ് ബാലറ്റിലെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്ന ആരോപണം ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്റെ സന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
തിരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് ഒരു ഡി.വൈ.എഫ്.ഐ നേതാവ് ജില്ലാ-സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അതേസമയം ബാലറ്റില്‍ അടയാളപ്പെടുത്തി നല്‍കിയ കാര്യം ഒരു യോഗത്തില്‍ ഏരിയ നേതാവ് തന്നെയാണ് സമ്മതിച്ചത്. ചിലരുടെ വോട്ട് എങ്ങോട്ടാണ് പോയതെന്ന് അറിയാമെന്ന് പറഞ്ഞപ്പോള്‍ അതെങ്ങനെ വ്യക്തമായി എന്ന ചോദ്യം യോഗത്തില്‍ പങ്കെടുത്ത ഒരു ജില്ലാ നേതാവ് ഉയര്‍ത്തി. ഇതോടെയാണ് ചെയ്തവര്‍ തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചത്.
ഇതിന് പിന്നാലെയാണ് പരാതി പോയത്. കുറ്റാരോപിതനായ ഏരിയ നേതാവ് കഴിഞ്ഞ ദിവസത്തെ ജില്ലാ യോഗത്തില്‍ സംഭവം ആദ്യം നിഷേധിച്ചില്ലെങ്കിലും ജില്ലാ നേതാക്കള്‍ ഉറച്ച നിലപാടെടുത്തതോടെ മാപ്പ് അപേക്ഷിച്ചതായാണ് വിവരം. കടുത്ത അച്ചടക്ക ലംഘനം നേതൃത്വത്തിന് ബോധ്യപ്പെട്ടതോടെ നേതാവിനെതിരെ നടപടി വരാനാണ് സാധ്യത. അഞ്ചിന് ഏരിയ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ടിങ് ഉണ്ട്. ഇതിനുശേഷം നടപടി ഉണ്ടാകുമെന്നാണ് സൂചന.