ബണ്ട്വാളില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
ഈ കേസില്‍ ഒന്നാം പ്രതി ദീപക് ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.;
മംഗളൂരു: ബണ്ട്വാള്‍ താലൂക്കിലെ കല്‍പാനെയിലെ കഗുഡ്ഡെയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറായ അബ്ദുള്‍ റഹീമിനെ(32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ തങ്കര ബെള്ളൂരുവിലെ സുമിത് ആചാര്യ(27), ബണ്ട്വാള്‍ ബഡക ബെള്ളൂരുവിലെ രവി രാജ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ഒന്നാം പ്രതി ദീപക് ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ റഹീമിനെ കൊലപ്പെടുത്തിയ കേസില്‍ മൊത്തം 15 പ്രതികളാണുള്ളത്. ഇവരില്‍ അഞ്ചുപേരാണ് ഇതിനകം അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശിയായ അബ്ദുല്‍ റഹീമിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
റഹീമും സഹായിയായ കലന്തര്‍ ഷാഫിയും വാഹനത്തില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെ സംഘം റഹീമിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷാഫിക്കും വെട്ടേറ്റു. രണ്ടുപേരെയും ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റഹീം മരണപ്പെടുകയായിരുന്നു.