കര്‍ണാടകയില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ലോറി ഇടിച്ചുകയറി 9 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്‌;

Update: 2025-09-13 08:16 GMT

ഹസ്സന്‍: കര്‍ണാടകയില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഹാസന്‍ താലൂക്കിലെ മൊസാലെ ഹൊസഹള്ളിയിലാണ് സംഭവം.

ദേശീയപാത 373 ലൂടെ ഘോഷയാത്ര നീങ്ങുമ്പോള്‍ പെട്ടെന്ന് കുറുകെ വന്ന ബൈക്കിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ കാന്റര്‍ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് തന്നെ ഒമ്പത് പേര്‍ മരിച്ചു, 20 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഹാസനിലെ എച്ച്.ഐ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അപകടത്തെ ഒരു ദാരുണമായ സംഭവം എന്നാണ് സ്ഥലം സന്ദര്‍ശിച്ച എംപി ശ്രേയസ് പട്ടേല്‍ വിശേഷിപ്പിച്ചത്. 'ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമാണെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിന് ശേഷം അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ എച്ച് ഡി രേവണ്ണയും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Similar News