ധര്‍മ്മസ്ഥലയിലെ ലോഡ്ജുകളില്‍ നടന്ന അസ്വാഭാവിക മരണങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് എസ്.ഐ.ടിക്ക് പരാതി നല്‍കി മഹേഷ് ഷെട്ടി തിമറോഡി
പരാതിയോടൊപ്പം, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും അദ്ദേഹം സമര്‍പ്പിച്ചു;
ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥലയിലെ വിവിധ ലോഡ്ജുകളില്‍ നടന്ന അസ്വാഭാവിക മരണങ്ങളെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എസ്.ഐ.ടിക്ക് പരാതി നല്‍കി ആക്ടിവിസ്റ്റ് മഹേഷ് ഷെട്ടി തിമറോഡി. ധര്‍മ്മസ്ഥലയിലെ വിവിധ ലോഡ്ജുകളില്‍ 2006 നും 2010 നും ഇടയില്‍ നടന്ന നാല് അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ബെല്‍ത്തങ്ങാടിയിലെ ഓഫീസിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് മഹേഷ് ഷെട്ടി തിമറോഡി പരാതി നല്‍കിയത്. ഈ മരണങ്ങള്‍ കൊലപാതകങ്ങളാകാന്‍ സാധ്യതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. പരാതിയോടൊപ്പം, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും അദ്ദേഹം സമര്‍പ്പിച്ചു.
മൂന്ന് ലോഡ്ജുകളിലായി നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണങ്ങളെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെ 'തിരിച്ചറിയാന്‍ കഴിയാത്ത' മൃതദേഹങ്ങള്‍ എന്ന് പറഞ്ഞ് ഗ്രാമപഞ്ചായത്ത് തിടുക്കത്തില്‍ ഇവ കുഴിച്ചിടുകയും ചെയ്തു. കൊലപാതകമോ ആത്മഹത്യയോ എന്ന് സംശയം ഉണ്ടായിരുന്നിട്ടും, എഫ്ഐആര്‍ പോലും ഫയല്‍ ചെയ്യാതെ അസ്വാഭാവിക മരണത്തിന് മാത്രം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇത് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും മഹേഷ് ഷെട്ടി ആരോപിച്ചു.
അതേസമയം, നേത്രാവതി കുളിക്കടവിനടുത്തുള്ള ബംഗ്ലെഗുഡ്ഡെയില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി അസ്ഥികൂടങ്ങള്‍ കണ്ടതായി വിറ്റല്‍ ഗൗഡ അവകാശപ്പെടുന്ന വീഡിയോ വൈറലായി. വീഡിയോയില്‍, 'അവര്‍ (എസ്ഐടി) എന്നെ രണ്ടുതവണ സ്പോട്ട് മഹസറിനായി (പരിശോധന) ബംഗ്ലെഗുഡ്ഡെയിലേക്ക് കൊണ്ടുപോയി. ആദ്യ സന്ദര്‍ശനത്തില്‍ മൂന്ന് മനുഷ്യ അസ്ഥികൂടങ്ങളും രണ്ടാമത്തെ സന്ദര്‍ശനത്തില്‍ മണ്ണിനടിയില്‍ ഒരു കൂട്ടം മൃതദേഹങ്ങളും കണ്ടു. മൊത്തത്തില്‍, കുട്ടികളുടെ അസ്ഥികൂടങ്ങള്‍ ഉള്‍പ്പെടെ അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടു.'
'പരാതിക്കാരനായ സാക്ഷി പറഞ്ഞത് 100% സത്യമാണ്. ആവശ്യമെങ്കില്‍ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും അന്വേഷണത്തില്‍ പങ്കുചേരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എസ്.ഐ.ടി വൃത്തങ്ങള്‍ വിറ്റല്‍ ഗൗഡയുടെ അവകാശവാദങ്ങള്‍ നിരസിച്ചു.