ധര്‍മ്മസ്ഥല കേസ്: കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉന്നതതല യോഗം ചേര്‍ന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥര്‍
രാഷ്ട്രീയ ഹിന്ദു ജാഗരണ വേദികെ നേതാവ് മഹേഷ് ഷെട്ടി തിമറോഡി സമര്‍പ്പിച്ച പരാതിയും സംഘം പരിശോധിച്ചു;
ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എസ്‌ഐടി സംഘം ഉന്നതതല യോഗം ചേര്‍ന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) പ്രണബ് മൊഹന്തിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഞായറാഴ്ച ഉന്നതലയോഗം ചേര്‍ന്ന് അടുത്ത അന്വേഷണ ഗതി രൂപപ്പെടുത്തി.
ഡിജിപി മൊഹന്തി എസ്‌ഐടി ഓഫീസ് സന്ദര്‍ശിക്കുകയും ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ജിതേന്ദ്ര ദയാമ, പൊലീസ് സൂപ്രണ്ട് സി എ സൈമണ്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു എന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.
അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിച്ച മൊഹന്തി ഇതുവരെ ശേഖരിച്ച രേഖകളും തെളിവുകളും പരിശോധിച്ചു. എസ്‌ഐടിയുടെ പ്രവര്‍ത്തനത്തിന്റെ സാമ്പത്തിക വശങ്ങള്‍ അവലോകനം ചെയ്യുന്നതിനിടയില്‍ ഭാവി നടപടികളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
രാഷ്ട്രീയ ഹിന്ദു ജാഗരണ വേദികെ നേതാവ് മഹേഷ് ഷെട്ടി തിമറോഡി സമര്‍പ്പിച്ച പരാതിയെ കുറിച്ചും സംഘം പരിശോധിച്ചു. 2006 നും 2010 നും ഇടയില്‍ ധര്‍മ്മസ്ഥലയിലെ വിവിധ താമസസ്ഥലങ്ങളില്‍ നടന്ന നാല് അസ്വാഭാവിക മരണങ്ങളെക്കുറിച്ച് തിമറോഡി സംശയം ഉന്നയിച്ചിരുന്നു. അന്വേഷണം ആ ദിശയിലേക്ക് വ്യാപിപ്പിക്കണോ എന്ന കാര്യവും ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, 'നിക്ഷിപ്ത താല്‍പ്പര്യക്കാര്‍' എസ്‌ഐടി അന്വേഷണം 'ദുര്‍ബലപ്പെടുത്താന്‍' ശ്രമിക്കുന്നുവെന്ന ആരോപണവുമായി തിമറോഡി രംഗത്തെത്തിയിരുന്നു.
അതിനിടെ മറ്റൊരു സംഭവത്തില്‍ ആക്ടിവിസ്റ്റ് സ്നേഹമായി കൃഷ്ണയ്‌ക്കെതിരെ ബെല്‍ത്തങ്ങാടി പൊലീസില്‍ വെങ്കപ്പ കോട്ടിയന്‍ എന്നയാള്‍ പരാതി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സൗജന്യയുടെ മാതൃസഹോദരനായ വിറ്റല്‍ ഗൗഡയാണ് 2012 ല്‍ നടന്ന കൊലപാതകത്തിന് ഉത്തരവാദിയെന്ന് സ്നേഹമായി കൃഷ്ണ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. വിറ്റല്‍ ഗൗഡയ്‌ക്കെതിരെ പരാതി നല്‍കുന്നതിനെക്കുറിച്ച് കൃഷ്ണ ആദ്യം പൊലീസിനെ അറിയിക്കുകയും പിന്നീട് മാധ്യമങ്ങള്‍ക്ക് ഇതുസംബന്ധിച്ച പ്രസ്താവനകള്‍ നല്‍കുകയും ചെയ്തുവെന്ന് കോട്ടിയന്‍ ആരോപിച്ചു.
സൗജന്യയ്ക്ക് നീതി തേടി നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം അട്ടിമറിക്കാനുള്ള 'ദുരുദ്ദേശ്യത്തോടെ' ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അദ്ദേഹം ആരോപിച്ചു. വിവാദ പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ കൃഷ്ണയെ 'അജ്ഞാത വ്യക്തികള്‍' പ്രേരിപ്പിച്ചതായി സംശയം പ്രകടിപ്പിച്ച കോട്ടിയന്‍ കൃഷ്ണയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമെന്നും പരാതി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ച ആളുകളെ തിരിച്ചറിയണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.