മൂന്ന് പേരുമായി സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഡിവൈഡറില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം
അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്;
മംഗലാപുരം: മൂന്ന് പേരുമായി സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഡിവൈഡറില്‍ ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച നാഷണല്‍ ഹൈവേ 66 ലെ എസ്.കെ.എസ് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.
കെഎല്‍.58.ക്യു.6381 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള മോട്ടോര്‍സൈക്കിള്‍ ആണ് അപകടത്തില്‍പ്പെട്ടത്. മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്ന സങ്കീര്‍ത്തും പിന്‍സീറ്റില്‍ ഇരുന്ന ധനുര്‍വേദ്. സിയുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. നടുവില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന സിബി സാം പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ (ക്രൈം നമ്പര്‍ 48/2025) ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 281, 125(എ), 106(1), മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 128(എ) എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം, മോട്ടോര്‍ വാഹന നിയമത്തിലെ 177-ഉം ചേര്‍ത്ത് സെക്ഷന്‍ 128(എ) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളായ മൂന്നുപേരും ലോഹിത്ത് നഗറില്‍ നിന്ന് പമ്പ് വെല്ലിലേക്ക് ചായ കുടിക്കാന്‍ പോവുകയായിരുന്നു. പുലര്‍ച്ചെ 2.50 ഓടെ NH-66 ലൂടെയുള്ള യാത്രയില്‍ സങ്കീര്‍ത്ത് അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എസ് കെ എസ് ജംഗ്ഷനിലെ തുറന്ന ഡിവൈഡറിന്റെ അരികില്‍ ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ മൂന്ന് ബൈക്ക് യാത്രികരും ഹൈവേയിലേക്ക് തെറിച്ചുവീണു. സങ്കീര്‍ത്തിനും ധനുര്‍വേദിനും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഇരുവരും മരിച്ചു. സിബി സാം പരിക്കുകളോടെ രക്ഷപ്പെട്ടു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ട്രാഫിക് ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.