ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍

മയക്കുമരുന്നിന് പുറമേ, 4,000 രൂപയും നാല് മൊബൈല്‍ ഫോണുകളും കാറും പൊലീസ് പിടിച്ചെടുത്തു.;

Update: 2025-04-12 06:12 GMT

മംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിലായി. മംഗളൂരു സൂറത്ത് കല്‍ സ്വദേശികളായ മുഹമ്മദ് ആസിഫ് (24), അസ്‌കര്‍ അലി (31), ഹാലിയങ്ങാടി സ്വദേശി മുഹമ്മദ് റഷീദ് (24) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നുപേരും ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ വാങ്ങി സ്വകാര്യ ബസ് വഴി മംഗളൂരുവിലേക്ക് വില്‍പ്പനക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നുമായി ഇന്നോവ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സൂറത് കല്ലില്‍ വെച്ച് സംഘം പിടിയിലായത്. സി.സി.ബി സംഘം ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 10 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

മയക്കുമരുന്നിന് പുറമേ, 4,000 രൂപയും നാല് മൊബൈല്‍ ഫോണുകളും കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ നിയമവിരുദ്ധമായി ലാഭം നേടുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

പ്രതികളില്‍ ഒരാളായ മുഹമ്മദ് ആസിഫിനെതിരെ സൂറത്ത് കല്‍ പൊലീസ് സ്റ്റേഷനില്‍ ഇതിനകം രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലൊന്ന് മയക്കുമരുന്ന് കടത്ത് കേസും മറ്റൊന്ന് അക്രമക്കേസുമാണ്. എ.സി.പി മനോജ് കുമാര്‍ നായകിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.എം റഫീഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പി.എസ്.ഐ ശരണപ്പ ഭണ്ഡാരിയും സിസിബി ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

Similar News