വളര്‍ത്തുനായയെ മോട്ടോര്‍ സൈക്കിളില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ ക്രൂരത; സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
ഉടുപ്പിക്ക് സമീപം ബൈന്ദൂരില്‍ ശനിയാഴ്ച വൈകുന്നേരമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്.;
ബൈന്ദൂര്: വളര്‍ത്തുനായയെ മോട്ടോര്‍ സൈക്കിളില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ ക്രൂരത. ഉടുപ്പിക്ക് സമീപം ബൈന്ദൂരില്‍ ശനിയാഴ്ച വൈകുന്നേരമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. തന്റെ വളര്‍ത്തുനായയെ മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ ചങ്ങലകൊണ്ട് കെട്ടി ഏകദേശം 2 കിലോമീറ്ററോളമാണ് ഉടമ വലിച്ചിഴച്ച് കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ബൈന്ദൂര് മേഖലയിലെ പടുബിദ്രിയില്‍ താമസിക്കുന്നയാളാണ് ബൈന്ദൂര് ടൗണില്‍ നിന്ന് നായയെ റോഡിലൂടെ ക്രൂരമായി വലിച്ചിഴത്. ഇത് കണ്ട് ഒരു കൂട്ടം ആളുകള്‍ അയാളെ തടഞ്ഞു നിര്‍ത്തി ഈ പ്രവൃത്തിയെ ചോദ്യം ചെയ്തെങ്കിലും 'ഇത് എന്റെ നായയാണെന്നും ആരോടാണ് ചോദിക്കേണ്ടത്' എന്നുമുള്ള മറുപടിയാണ് നല്‍കിയത്. എന്നാല്‍ ബഹളം കേട്ട് കൂടുതല്‍ ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയതോടെ അയാള്‍ അല്പം പരഭ്രമിച്ചു.
2 കിലോമീറ്ററോളം നായയെ റോഡിലൂടെ വലിച്ചിഴച്ചതിനെ തുടര്‍ന്ന് അതിന്റെ കാലുകള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിക്കുകയും രക്തസ്രാവത്തിന് കാരണമാകുകയും ചെയ്തു. റോഡിലെ രക്തക്കറ കണ്ട് കൂടിയിരുന്നവര്‍ പരിഭ്രാന്തരായി. സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഉടമയുടെ മനുഷ്യത്വ രഹിതമായ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് നടത്തിയത്. ഉടമയ്ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അവബോധത്തിനും സംവേദനക്ഷമതയ്ക്കും പേരുകേട്ട ഒരു പ്രദേശത്ത് ഇത്തരമൊരു ക്രൂരമായ പ്രവൃത്തി നടന്നതില്‍ ഉഡുപ്പി ജില്ലയിലെ നിവാസികള്‍ അഗാധമായ നടുക്കം രേഖപ്പെടുത്തു. കുറ്റവാളിക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് അധികാരികളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.