സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് 4 കോടി രൂപ വിലമതിക്കുന്ന ആഡംബരവീട്; 7 പേര്‍ക്കെതിരെ കേസെടുത്ത് ലോകായുക്ത
പ്രതിപ്പട്ടികയില്‍ മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഇന്‍സ്പെക്ടറും;
ബംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അവരുടെ നാലുകോടി രൂപ വിലമതിക്കുന്ന ആഡംബര വീട് കൈമാറാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഇന്‍സ്പെക്ടറുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കര്‍ണ്ണാടക ലോകായുക്ത കേസെടുത്തു.
അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എ.വി.കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ഉമേഷ്, അനന്ത്, ഗൗഡ എന്നിവര്‍ക്കെതിരെയും ദിവ്യ, സോമശേഖര്‍, ആരാധ്യ, ദിനേശ് എന്നിവര്‍ക്കുമെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്.
സര്‍ക്കാര്‍ ജീവനക്കാരിയും കരാറുകാരന്‍ ചന്നെ ഗൗഡയുടെ ഭാര്യയുമായ അനുഷയ്‌ക്കെതിരെ സോമശേഖര്‍ നല്‍കിയ പരാതിയില്‍ അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്‍സ്പെക്ടര്‍ കുമാര്‍ തന്റെ നാല് കോടി രൂപ വിലമതിക്കുന്ന വീട് വിട്ടുനല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന് അനുഷ ലോകായുക്തക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കുടുംബത്തെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാസംഘങ്ങളെ അവരുടെ വീട്ടിലേക്ക് അയയ്ക്കുന്നതിന്റെ വീഡിയോയും തെളിവായി അനുഷയുടെ ഭര്‍ത്താവായ ചന്നെ ഗൗഡ നല്‍കിയിരുന്നു. കൂടാതെ, ഒരു കരാര്‍ ഉള്‍പ്പെടെയുള്ള ചില രേഖകളില്‍ ഒപ്പിടാന്‍ അനുഷക്കുമേല്‍ ഇന്‍സ്പെക്ടര്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.
ഇന്‍സ്പെക്ടര്‍ കുമാര്‍ തന്റെ ബന്ധുവായ ഒരാളുടെ പേരില്‍ സ്വത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലും നടത്തിയിരുന്നു. രേഖകളില്‍ ഒപ്പ് വാങ്ങുന്നതിനായി ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ആഴ്ച അനുഷയെ നാഗര്‍ഭാവിയിലെ ഒരു സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇക്കാര്യം അനുഷ ലോകായുക്തയെ അറിയിച്ചു. ലോകായുക്ത ഹോട്ടലില്‍ പരിശോധനക്കെത്തിയതോടെ ഇന്‍സ്പെക്ടര്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെ ലോകായുക്ത കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്‍സ്പെക്ടര്‍ കുമാര്‍ മാതൃകാ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ്. 2024ലാണ് സോമശേഖര്‍ അനുഷക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. ഒരു സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് തന്നില്‍ നിന്ന് 60 ലക്ഷം രൂപ വാങ്ങിയെന്നും തുക തിരികെ നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പരാതി.
സോമശേഖര്‍ ഇന്‍സ്പെക്ടര്‍ കുമാറിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്നതിനായി അനുഷയുടെ സ്വത്ത് വിട്ടുകൊടുക്കാന്‍ ഇന്‍സ്പെക്ടര്‍ തന്റെ സ്ഥാനം ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തുകയായിരുന്നു.