'ബെംഗളൂരുവിലെ പീഡനക്കേസിലെ പ്രതിയെ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് ഹോംഗാര്‍ഡ് ആയ കാമുകി'; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

കാമുകന്‍ പിടിക്കപ്പെടാതിരിക്കാന്‍ വിശദമായ പദ്ധതിയാണ് ഹോം ഗാര്‍ഡായ കാമുകി തയ്യാറാക്കിയത്.;

Update: 2025-04-18 05:27 GMT

ബെംഗളൂരു: നഗരത്തില്‍ അടുത്തിടെ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഹോംഗാര്‍ഡായ കാമുകിയുടെ സഹായത്തോടെയാണ് ലൈംഗികാതിക്രമക്കേസിലെ പ്രതി രക്ഷപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബെംഗളൂരുവിലെ കാര്‍ ഷോറൂമില്‍ ഡ്രൈവറായ സന്തോഷ് ഡാനിയേല്‍(26) രക്ഷപ്പെട്ട സംഭവത്തിലാണ് പുതിയ കണ്ടെത്തല്‍.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സന്തോഷിനെ കേരളത്തില്‍ നിന്നും കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്.

യുവതികളെ ഒരാള്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തിന് സമീപത്തെ 700 സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധിച്ചു. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്.

യുവതികളെ ആക്രമിച്ച ശേഷം ബെംഗളൂരുവില്‍ നിന്ന് തമിഴ് നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി സന്തോഷ് ആദ്യം കടന്നത്. തുടര്‍ന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണമാണ് ബെംഗളൂരു പൊലീസ് സന്തോഷിനായി നടത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വനിതാ ഹോംഗാര്‍ഡുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു ഡാനിയേല്‍ എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവാഹിതയും ഒരു കുട്ടിയും ഉണ്ട്. കുടുംബത്തെ ഉപേക്ഷിച്ചാണ് സന്തോഷുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

ഏപ്രില്‍ 4 ന് പുലര്‍ച്ചെ 2 മണിയോടെ സദ്ദുഗുണ്ടേപാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പീഡനം നടന്നത്. വിജനമായ ഒരു റെസിഡന്‍ഷ്യല്‍ സ്ട്രീറ്റിലൂടെ നടന്നുപോകുന്ന രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. പ്രതി സ്ത്രീകളുടെ പിറകിലൂടെ സമീപിക്കുന്നതും, ഒരാളെ മാറ്റി നിര്‍ത്തുന്നതും, മറ്റേയാളെ പീഡിപ്പിക്കുന്നതും അതിനു ശേഷം ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.

ഏപ്രില്‍ 6 ന് സംഭവത്തിന്റെ 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ടതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് കുറ്റവാളിയെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

പിന്നാലെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് തീവ്രമായ അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിലെ സുഡ് ഗുണ്ടേപാളയ, തിലക് നഗര്‍, മൈക്കോ ലേഔട്ട് എന്നിവയുള്‍പ്പെടെ പൊലീസിന്റെ അധികാരപരിധികളില്‍ പെടുന്ന സ്ഥലങ്ങളിലൂടെ ഡിയോ സ്‌കൂട്ടറില്‍ സഞ്ചരിച്ച് പൊലീസിന്റെ പിടിയില്‍ നിന്നും സമര്‍ഥമായി ഒഴിഞ്ഞുമാറി കാമുകിക്കൊപ്പം പ്രതി കേരളത്തിലേക്ക് രക്ഷപ്പെട്ടു.

കാമുകന്‍ പിടിക്കപ്പെടാതിരിക്കാന്‍ വിശദമായ പദ്ധതിയാണ് ഹോം ഗാര്‍ഡായ കാമുകി തയ്യാറാക്കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇരുവരും ആദ്യം തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് ആണ് കടന്നത്. അവിടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചശേഷം സേലത്തേക്ക് പോയി. പിന്നീടാണ് കേരളത്തിലേക്ക് വന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്രയൊക്കെ ശ്രമങ്ങള്‍ നടത്തിയിട്ടും ഒടുവില്‍ പ്രതി പിടിക്കപ്പെട്ടു. 1,600-ലധികം സിസിടിവി ക്ലിപ്പുകള്‍ കേന്ദ്രീകരിച്ചും ഗതാഗത നിയമലംഘന രേഖകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് കണ്ട സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് പൊലീസ് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്.

ഗതാഗത വകുപ്പിന്റെ സഹായത്തോടെ, നമ്പര്‍ പ്ലേറ്റിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ജയനഗറിലെ ഗാല്‍ബര്‍ഗ കോളനിയിലുള്ള ഡാനിയേലിന്റേതാണ് ഡിയോ സ്‌കൂട്ടര്‍ എന്ന് കണ്ടെത്തി. എന്നാല്‍ പ്രതി ഒളിവിലായതിനാല്‍ പിടിക്കപ്പെട്ടില്ല.

ഒടുവില്‍ കേരളത്തിലെ ഒരു റിസോര്‍ട്ടില്‍ കാമുകിയായ ഹോം ഗാര്‍ഡിനൊപ്പം ആസ്വദിക്കുകയായിരുന്ന സന്തോഷ് ഡാനിയലിനെ പൊലീസ് കണ്ടെത്തി. അവിടെ വെച്ച് ഏപ്രില്‍ 14 ന് ആണ് കര്‍ണാടക പൊലീസ് ഡാനിയേലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

പീഡനക്കേസിലെ പ്രതിയെ ഒളിച്ചോടാന്‍ സഹായിച്ചതിന് വനിതാ ഹോം ഗാര്‍ഡിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയേക്കാമെന്ന് ആഭ്യന്തര സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇതുവരെ ഇക്കാര്യത്തില്‍ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

പ്രദേശവാസിയായ ലോകേഷ് ഗൗഡയാണ് പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനും കര്‍ണാടക, തമിഴ് നാട്, കേരളം എന്നിവിടങ്ങളിലായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു.

ലൈംഗികാതിക്രമക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ഒരു ഹോം ഗാര്‍ഡ് വഹിച്ച പങ്ക് പൊലീസ് സേനയ്ക്കുള്ളിലെ ആഭ്യന്തര വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനഃപരിശോധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Similar News