അടുക്കളയില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവ് യുവതിയുടെ സ്വര്‍ണ്ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ചു
പരപ്പയിലെ ചിക്കന്‍ സ്റ്റാള്‍ ഉടമ ക്ലായിക്കോട്ടെ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്;
കാഞ്ഞങ്ങാട്: അടുക്കളയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് യുവതിയുടെ സ്വര്‍ണ്ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ചു. പരപ്പയിലെ ചിക്കന്‍ സ്റ്റാള്‍ ഉടമ ക്ലായിക്കോട്ടെ അബ്ദുള്ളയുടെ വീട്ടില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മോഷണശ്രമം നടന്നത്. അബ്ദുള്ളയുടെ മകള്‍ ഈ സമയം അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു.
അടുക്കളയില്‍ നിന്ന് ബഹളം കേട്ട് ഭര്‍ത്താവ് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. ഒരാള്‍ അടുക്കളയിലേക്ക് കയറി വന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുത്തതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞു. സംഭവം സംബന്ധിച്ച് വീട്ടുകാര്‍ പരാതി നല്‍കിയതോടെ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. നഷ്ടമായ സ്വര്‍ണ്ണമാല വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസിന് പുറമെ നാട്ടുകാരും തിരച്ചിലാരംഭിച്ചു.