പെരിയാട്ടടുക്കത്തെ കടയുടമയുടെയും ഓട്ടോ ഡ്രൈവറുടെയും ബാങ്ക് അക്കൗണ്ടുകള്‍ പഞ്ചാബ് പൊലീസ് മരവിപ്പിച്ചു

പരാതിയുമായി കാസര്‍കോട് സൈബര്‍ സെല്ലിനെ സമീപിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം നല്‍കിയത്.;

Update: 2025-04-16 06:05 GMT

ബേക്കല്‍: പെരിയാട്ടടുക്കത്തെ കടയുടമയുടെയും ഓട്ടോഡ്രൈവറുടെയും ബാങ്ക് അക്കൗണ്ടുകള്‍ പഞ്ചാബ് പൊലീസ് മരവിപ്പിച്ചു. രണ്ടുപേരുടെയും കാനറാ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചിരിക്കുന്നത്. കടയുടമ 30 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന കനറാ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ ഇടപാടുകളും ഓട്ടോ ഡ്രൈവറുടെ പെരിയ ശാഖയിലെ ഇടപാടുകളും ഇതോടെ നിലച്ചു.

ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ഇടപാടുകള്‍ പഞ്ചാബ് പൊലീസ് മരവിപ്പിച്ചതായി രണ്ടുപേര്‍ക്കും മനസ്സിലായത്. ഇവര്‍ പരാതിയുമായി കാസര്‍കോട് സൈബര്‍ സെല്ലിനെ സമീപിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം നല്‍കിയത്. പഞ്ചാബ് പൊലീസ് ഇടപാടുകള്‍ മരവിപ്പിച്ചെന്നല്ലാതെ ഇതേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുമ്പ് ഇതിന്റെ കാരണമെന്തെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കടയുടമയും ഓട്ടോ ഡ്രൈവറും പറയുന്നത്. പഞ്ചാബ് പൊലീസിന്റെ ഇ മെയില്‍ ഐ.ഡിയില്‍ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരും.

Similar News