പുല്ലൂരില്‍ പ്രവാസിയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം; ഹെല്‍മറ്റ് ധാരികളുടെ ദൃശ്യം സിസിടിവിയില്‍

ഇവിടെ നിന്നും കവര്‍ന്ന അരലക്ഷത്തോളം രൂപയുടെ ദിര്‍ഹവും മോഷ്ടാക്കളുടെ ബാഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി;

Update: 2025-08-26 05:31 GMT

കാഞ്ഞങ്ങാട്: പുല്ലൂരിലെ പ്രവാസിയുടെ വീടിന്റെ വാതില്‍ പൊളിച്ച് കവര്‍ച്ചാ ശ്രമം. എന്നാല്‍ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം കവര്‍ച്ച ഒഴിവായി. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. അബുദാബിയില്‍ ജോലി ചെയ്യുന്ന പൊതു പ്രവര്‍ത്തകന്‍ പി.പത്മനാഭന്റെ പുല്ലൂരിലെ വീട്ടിലാണ് ഹെല്‍മെറ്റ് ധാരികളായ രണ്ട് മോഷ്ടാക്കള്‍ എത്തിയത്. സംഭവസമയത്ത് പത്മനാഭന്റെ ഭാര്യ സൗദാമിനി മാത്രമാണ് വീട്ടിലുണ്ടായത്. അവര്‍ മുകളിലത്തെ മുറിയിലായിരുന്നു.


താഴെ മുന്‍വാതില്‍ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് അമ്മയ്‌ക്കൊപ്പം ആസ്പത്രിയിലായിരുന്ന ഭര്‍ത്താവ് പത്മനാഭനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ സുഹൃത്ത് യു. പ്രകാശനും സഹോദരന്‍ യു. മോഹനനും സ്ഥലത്തെത്തുമ്പോള്‍ കവര്‍ച്ചക്കാര്‍ അകത്തുണ്ടായിരുന്നു. ഇരുവരും വീട്ടിനകത്ത് കയറി പരിശോധിക്കുമ്പോഴേക്കും കവര്‍ച്ചക്കാര്‍ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് കാട് പിടിച്ച സമീപത്തെ പറമ്പിലേക്ക് ഓടി മറയുകയായിരുന്നു.

വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും സ്ഥലത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഹെല്‍മെറ്റ് ധാരികളായ രണ്ട് പേര്‍ വാതില്‍ തകര്‍ക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഗേറ്റ് ചാടിക്കടക്കുന്നതും പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് കവര്‍ന്ന അരലക്ഷത്തോളം രൂപയുടെ ദിര്‍ഹവും മോഷ്ടാക്കളുടെ ബാഗും ഉപേക്ഷിച്ച നിലയില്‍ അടുക്കളയില്‍ നിന്ന് കണ്ടെത്തി. വിവരമറിഞ്ഞെത്തി നാട്ടുകാരും വ്യാപകമായ തെരച്ചില്‍ നടത്തി. ഹെല്‍മറ്റ് ധാരികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Similar News