പപ്പേട്ടന്റെ രുചി വൈവിധ്യ കലവറയ്ക്ക് 40 വയസ്; കൈപ്പുണ്യം തേടിയെത്തുന്നത് നിരവധി പേര്‍

Update: 2025-07-16 09:36 GMT

കാഞ്ഞങ്ങാട്: രുചി വൈവിധ്യങ്ങളുള്ള വെള്ളിക്കോത്തെ ചായക്കട 40 വര്‍ഷം പിന്നിടുമ്പോള്‍ പലഹാരങ്ങളുടെ സ്വാദേറുകയാണ്. ഒരു ഹോട്ടലില്‍ ജോലിക്ക് നിന്നപ്പോള്‍ ലഭിച്ച പാചക വിദ്യയല്ലാതെ പണം കൈയിലില്ലാതെ മനസുറപ്പോടെ ഹോട്ടല്‍ തുടങ്ങിയ വെള്ളിക്കോത്തെ പപ്പേട്ടന്‍ എന്ന ബി.കെ പത്മനാഭന്റെ ഹോട്ടലിലെ പലഹാരങ്ങളുടെ രുചി യറിയാത്തവര്‍ കുറവാണ്. പപ്പന്റെ ഹോട്ടല്‍ എന്നറിയപ്പെടുന്ന ഈ ഹോട്ടലിനെ നാട്ടുകാരുടെ പ്രിയപ്പെട്ട ഹോട്ടലായി മാറ്റിയത് പത്മനാഭന്റെ അധ്വാനഫലം മാത്രമാണ്.

ഗോളിബജ, പഴംപൊരി, ഉണ്ടക്കായ, പരിപ്പുവട, ഉഴുന്നുവട എന്നിങ്ങനെ പലഹാരങ്ങള്‍ ഏതു നിമിഷവും ചൂടാറാതെ ലഭിക്കുമെന്നതും ഇവിടത്തെ പ്രത്യേകതയാണ്. ആചാരക്കുടകളുണ്ടാക്കി വില്‍ക്കുന്ന ജോലി ചെയ്തിരുന്ന അച്ഛന്‍ കൃഷ്ണന്റെ ചെറുവരുമാനം ആറു മക്കളുള്ള കുടുംബത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് പത്മനാഭന്‍ നന്നേ ചെറുപ്പത്തില്‍ ഹോട്ടല്‍ ജോലിയിലേക്കിറങ്ങിയത്. പട്ടറുടെ ഹോട്ടല്‍ എന്ന വെള്ളിക്കോത്ത് ഗോവിന്ദ ഭട്ടിന്റെ ഹോട്ടലില്‍ പണിക്കാരനായാണ് തുടക്കം. ഇവിടെ ഏറെക്കാലം ജോലി ചെയ്തു. ഗോവിന്ദഭട്ടില്‍ നിന്നും പകര്‍ന്നു കിട്ടിയ പാചക പുണ്യവുമായാണ് സ്വന്തമായി ഹോട്ടല്‍ എന്ന ആശയത്തിലേക്കെത്തിയത്.

മഹാകവി പി. സ്മാരക സ്‌കൂളിന്റെ എല്‍.പി വിഭാഗമായ തായലെ സ്‌കൂള്‍ പരിസരത്ത് ഹോട്ടല്‍ തുടങ്ങിയത്. ആദ്യകാലത്തെ പൊതുപ്രവര്‍ത്തകനായിരുന്ന ചമണിയന്റെ കടയുടെ ചായ്പിലായിരുന്നു പപ്പന്‍ ഹോട്ടല്‍ തുടങ്ങിയത്. ഒറ്റമുറി ഹോട്ടലാണെങ്കിലും അന്നു മുതല്‍ തന്നെ ഇവിടത്തെ വിഭവങ്ങള്‍ക്ക് പ്രത്യേക സ്വാദായിരുന്നു. പിന്നീട് ഹോട്ടല്‍ സമീപത്തെ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെ സൗകര്യവും വര്‍ധിച്ചു. വിഭവങ്ങളുടെ എണ്ണവും കൂടി. ഇപ്പോള്‍ ബിരിയാണി, പൊറോട്ട എന്നിവയുള്‍പ്പെടെ പ്രധാന വിഭവങ്ങളും ലഭിക്കുന്നുണ്ട്. വെള്ളിക്കോത്ത് സ്‌കൂളിലും സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ജോലിക്കായെത്തിയ നിരവധി തിരുവിതാംകൂര്‍ സ്വദേശികളുള്‍പ്പെടെ പലരും ജോലിയില്‍ നിന്ന് പിരിഞ്ഞ് പോയതിന് ശേഷം പലതവണയായി ഈ ഹോട്ടലിലെ രുചി നുകരാന്‍ എത്തിയിട്ടുണ്ടെന്ന് പത്മനാഭന്‍ പറയുന്നു.

Similar News