ചികിത്സക്കിടെ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; വ്യാജസിദ്ധനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍ കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങളെയാണ് കസ്റ്റഡിയില്‍ വിട്ടത്;

Update: 2025-07-16 04:37 GMT

കാഞ്ഞങ്ങാട്: ചികിത്സക്കിടെ വീട്ടമ്മയെ പീഡിപ്പിക്കുകയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന വ്യാജസിദ്ധനെ കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കണ്ണൂര്‍ കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങളെ(52)യാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്.

ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വീട്ടമ്മയെയും മകളെയുമാണ് ഷിഹാബുദ്ദീന്‍ തങ്ങള്‍ ചികിത്സയുടെ മറവില്‍ ഉപദ്രവിച്ചത്. ചികിത്സക്കിടെ വീട്ടമ്മയെ പ്രതി മാന്ത്രികവടിയാണെന്ന് അവകാശപ്പെട്ട് ഇരുമ്പ് വടി കൊണ്ട് അടിച്ചതായും പരാതിയിലുണ്ട്. പ്രതിയെ പൊലീസ് ഈ വീട്ടില്‍ കൊണ്ടുപോയി തെളിവെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മന്ത്രവാദ ചികിത്സയുടെ പേരില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Similar News