സ്‌കൂട്ടറില്‍ കടത്തിയ എട്ട് ലിറ്റര്‍ മദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു

കെ.എല്‍ 60എന്‍ 6749 നമ്പര്‍ ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്;

Update: 2025-07-15 04:29 GMT

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന എട്ട് ലിറ്റര്‍ മദ്യം എക്സൈസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച മാവുങ്കാല്‍-കാഞ്ഞങ്ങാട് റോഡില്‍ നിന്നും 20 മീറ്റര്‍ തെക്ക് മാറി ഭാരത് എഞ്ചിനീയറിങ് വര്‍ക്ക്സ് എന്ന സ്ഥാപനത്തിന് സമീപമുള്ള ആള്‍ താമസമില്ലാത്ത വീടിന്റെ കിഴക്ക് ഭാഗം കിണറിന് സമീപത്ത് നിന്നാണ് സ്‌കൂട്ടറില്‍ നിന്ന് മദ്യം പിടികൂടിയത്.

കിണറിന് സമീപമുള്ള ഷെഡില്‍ വെച്ച് മദ്യ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് റെയ്ഞ്ച് എക് സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണുകുമാര്‍ ഇ.വിയും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. കെ.എല്‍ 60എന്‍ 6749 നമ്പര്‍ ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന എട്ട് ലിറ്റര്‍ കേരളത്തില്‍ മാത്രം വില്‍പ്പനാധികാരമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.

അനധികൃത മദ്യവില്‍പ്പന നടത്തിയതിന് ബല്ല ആലയിലെ പി സുധീന്ദ്ര(25)നെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തു. സുധീന്ദ്രന്‍ തൊണ്ടി മുതല്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സിവില്‍ എക്സൈസ് ഓഫീസര്‍ മുഹമ്മദ് ജുനൈദ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) പി രാജീവന്‍, ഇ.ഐ ആന്റ് ഐ.ബി കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.വി.മുരളി, സിവില്‍ എക്സൈസ് ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Similar News