കരാറുകാരന്‍ ചവിട്ടി താഴെയിട്ടുവെന്ന പരാതിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വ്യാപാരി മരിച്ചു
മഡിയനിലെ ആര്‍.ജെ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ ഉടമ വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫാണ് മരിച്ചത്;
കാഞ്ഞങ്ങാട്: കരാറുകാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചവിട്ടി താഴെയിട്ടുവെന്ന പരാതിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വ്യാപാരി മരിച്ചു. മഡിയനിലെ ആര്‍.ജെ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ ഉടമ വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫാണ്(48) മരിച്ചത്. മംഗലാപുരത്തെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാവാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
റോയി മാവുങ്കാല്‍ മൂലക്കണ്ടത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. ഞായറാഴ്ചയാണ് സംഭവം. റോയിയും കരാറുകാരന്‍ നരേന്ദ്രനും മൂന്നാം നിലയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണം സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും റോയിയെ കരാറുകാരന്‍ നരേന്ദ്രന്‍ ചവിട്ടി താഴെയിടുകയുമായിരുന്നുഎന്നാണ് മംഗലാപുരത്തെ ആസ്പത്രിയിലേക്ക് പോകുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ജിന്‍സിയോടും മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നത്.
സംഭവത്തില്‍ ജോയിയുടെ സുഹൃത്ത് ഷാജിയുടെ പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.