തീരത്തേക്ക് മത്തികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി; അജാനൂറുകാര്‍ക്ക് ചാകര

മത്തി ഒഴുകിയെത്തിയോടെ പലര്‍ക്കും നല്ല വരുമാനവും ലഭിച്ചു;

Update: 2025-10-27 05:52 GMT

കാഞ്ഞങ്ങാട്: അജാനൂര്‍ തീരത്തേക്ക് മത്തിക്കൂട്ടം ഒഴുകിയെത്തി. ഇതോടെ നാട്ടുകാര്‍ക്ക് ചാകരയായി. ഞായറാഴ്ച രാവിലെ 10:30 ഓടെ ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ തെക്കു ഭാഗത്തായാണ് മത്സ്യക്കൂട്ടം കരയിലേക്ക് ഒഴുകിയെത്തിയത്. ചാകര അല്ലെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരയുടെ പ്രതീതിയായി. വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ സഞ്ചികളും കൂടുകളുമായി കടപ്പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. അവധി ദിവസമായതിനാല്‍ കുട്ടികളും ചെറു സഞ്ചികളുമായെത്തി.

മത്തി ഒഴുകിയെത്തിയോടെ പലര്‍ക്കും നല്ല വരുമാനവും ലഭിച്ചു. തീരത്തുനിന്ന് ശേഖരിച്ച മത്സ്യങ്ങള്‍ 500 മുതല്‍ 1000 രൂപയ്ക്ക് വരെ വിറ്റു. 30,000 രൂപയുടെ മത്സ്യം വിറ്റതായാണ് വിവരം. ഇതിനുപുറമേ വീട്ടാവശ്യത്തിനും പലരും ഉപയോഗിച്ചു. കടലില്‍ കൂട്ടത്തോടെ നീങ്ങുന്ന മത്തിക്കൂട്ടം മത്സ്യബന്ധന വള്ളം തീരത്തോട് അടുക്കാറാകുമ്പോള്‍ യന്ത്രത്തിന്റെ ശബ്ദം കേട്ട് ഭയന്ന് ദിശ തെറ്റിയാണ് കരയ്‌ക്കെത്തുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഈ പ്രതിഭാസം ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നും ഇവര്‍ പറയുന്നു.

Similar News