ചിക്കന്‍പോക്സ് ബാധിച്ച് 11 കാരി മരിച്ചു: ചികിത്സ വൈകിയതായി ആരോപണം
ഉത്തര്‍പ്രദേശ് സ്വദേശി ഗൗതം വര്‍മ്മയുടെയും പ്രീതി വര്‍മ്മയുടെയും മകള്‍ ശിവാനി വര്‍മയാണ് മരിച്ചത്;
കാഞ്ഞങ്ങാട്: ചിക്കന്‍പോക്സ് ബാധിച്ച് 11കാരി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അതേസമയം പരിയാരത്ത് കുട്ടിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതായുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാണത്തൂര്‍ മൈലാട്ടിയില്‍ മുറുക്കാന്‍ കട നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഗൗതം വര്‍മ്മയുടെയും പ്രീതി വര്‍മ്മയുടെയും മകള്‍ ശിവാനി വര്‍മയാണ് മരിച്ചത്.
ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഗുരുതരാവസ്ഥയിലായതോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിക്കാന്‍ വൈകിയതായി ബന്ധുക്കള്‍ പറയുന്നു. ഡോക്ടര്‍ എത്തിയത് വൈകിട്ട് 4.30ന് ആണെന്നും ഇവര്‍ പറഞ്ഞു. ന്യൂറോ ബ്ലാസ്റ്റോമ രോഗം ബാധിച്ച് ചികിത്സ തുടരുന്നതിനിടെയാണ് ചിക്കന്‍പോക്സ് പിടിപെട്ടത്.
സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, കണ്ണൂര്‍ ഡി.എം.ഒ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പാണത്തൂര്‍ ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവാനി. സഹോദരങ്ങള്‍: ആദിത്യ രാജ്, ദേവരാജ്, സൗരവ് (മൂവരും വിദ്യാര്‍ത്ഥികള്‍), അശ്വിനി.