പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍; അമ്മയുടെ അസുഖത്തില്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

Update: 2025-03-04 11:11 GMT

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്.

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. അമ്പാടിയുടെ അമ്മ ക്യാന്‍സര്‍ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയില്‍ പോയി മടങ്ങി എത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി മുറി തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

അമ്മയുടെ രോഗാവസ്ഥയില്‍ കുട്ടി അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. പുത്തന്‍വേലിക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

Similar News