എന്താണ് എച്ച്.എം.പി.വി വൈറസ്; ആശങ്ക വേണോ? അറിയാം കൂടുതല്‍ വിവരങ്ങള്‍

Update: 2025-01-04 07:09 GMT

ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോ വൈറസ് (എച്ച്.എം.പി.വി) പടരുകയാണെന്നും നിരവധി പേര്‍ ആശുപത്രികളിലാണെന്നും മരണപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കൊവിഡ്-19 ന് ശേഷം പുറപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് എച്ച്.എം.പി.വി എന്നൊക്കെയാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളും റിപ്പോര്‍ട്ടുകളും പ്രതിസന്ധികളെ കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും ചൊനീസ് ഭരണകൂടവും ലോകാരോഗ്യ സംഘടനയും ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. ശൈത്യകാലമായതിനാലുള്ള ശ്വാസകോശ സംബന്ധമായ അസുഖം മാത്രമാണെന്നാണ് ചൈന പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്‍ഫ്‌ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് -19 തുടങ്ങിയ ഒന്നിലധികം വൈറസുകള്‍ക്കൊപ്പം എച്ച്.എം.പി.വി അതിവേഗം പടരുന്നുവെന്നാണ് പറയുന്നത്.

എന്താണ് എച്ച്എംപിവി വൈറസ് ?

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം 2001-ല്‍ കണ്ടെത്തിയ, എച്ച്എംപിവി ന്യൂമോവിരിഡേ കുടുംബത്തില്‍ പെട്ടതാണ്. ഇത് സാധാരണയായി ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്നു, ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പ്രായഭേദമന്യെ എല്ലാവരെയും ബാധിക്കും.

ലക്ഷണങ്ങള്‍

എച്ച്എംപിവിയുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്. ചുമ, മൂക്കൊലിപ്പ് പനി, തൊണ്ടവേദന, ശ്വാസതടസ്സം , ഗുരുതര കേസുകളില്‍ ശ്വാസതടസ്സം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ അല്ലെങ്കില്‍ ആസ്ത്മ

കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, പ്രത്യേകിച്ച് ശിശുക്കള്‍, മുതിര്‍ന്നവരില്‍ പ്രത്യേകിച്ച് 65 വയസ്സിന് മുകളിലുള്ളവര്‍, ദുര്‍ബലമായ രോഗപ്രതിരോധ ശേഷി അല്ലെങ്കില്‍ ആസ്ത്മ അല്ലെങ്കില്‍ സിഒപിഡി പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ ഉള്ള വ്യക്തികള്‍ എന്നിവര്‍ വളരെയധികം സൂക്ഷിക്കണം.

എങ്ങനെയാണ് പടരുന്നത്?

ചുമ, തുമ്മല്‍ എന്നിവ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം, മലിനമായ പ്രതലങ്ങള്‍, വായ, മൂക്ക് അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയില്‍ തൊടുന്നത് വഴി പടരുന്നു. ഇത് മിതശീതോഷ്ണ പ്രദേശങ്ങളില്‍ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും ആണ് പടരുന്നത്.

മുന്‍കരുതലുകള്‍

കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് ദൈര്‍ഘ്യത്തില്‍ എങ്കിലും കഴുകുക

കഴുകാത്ത കൈകൊണ്ട് മുഖം തൊടരുത്.

രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആളുകള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക

അസുഖം ഉള്ളപ്പോള്‍ വീട്ടില്‍ വിശ്രമിക്കുക

ഇടക്കിടെ സ്പര്‍ശിച്ച പ്രതലങ്ങള്‍ വൃത്തിയായി തുടക്കുക

ചൈനയില്‍ മാത്രമാണ് നിലവില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിലവില്‍ ജാഗ്രതാ നിര്‍ദേശമില്ല. ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Similar News