കുഴിനഖത്തിന് പരിഹാരം വീട്ടില്‍ തന്നെ; അറിയാം ചില നുറുങ്ങുകള്‍

നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് ബാധിക്കുന്നത്;

Update: 2025-07-31 09:07 GMT

ഒനിക്കോമൈക്കോസിസ് എന്നറിയപ്പെടുന്ന കാല്‍വിരലിലെ നഖത്തില്‍ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസ് അണുബാധയാണ് കുഴിനഖം. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.

നഖങ്ങളിലെ നിറ വ്യത്യാസമാണ് കുഴി നഖത്തിന്റെ പ്രധാന ലക്ഷണം. വെള്ള, തവിട്ട് മഞ്ഞനിറങ്ങളിലായാണ് ഈ സമയങ്ങളില്‍ നഖങ്ങള്‍ കാണപ്പെടുന്നത്. അരികുകളില്‍ അകാരണമായി വേദന ഉണ്ടാകുന്നതും കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്. കുഴി നഖം ചിലപ്പോള്‍ പടര്‍ന്ന് നഖങ്ങള്‍ പൊട്ടാനും കാരണമാകാറുണ്ട്. ഭംഗിയുള്ള കാലുകള്‍ ഇതോടെ വൃത്തിഹീനമാകുന്നു. നഖങ്ങളുടെ വശങ്ങള്‍ ആഴത്തില്‍ മുറിക്കുന്നത് മൂലം പലപ്പോഴും കുഴിനഖം ഉണ്ടാകാറുണ്ട്.

കുഴിനഖം യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ രൂക്ഷമാകാനും പഴുത്ത് ഭീകരമായ അവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. നഖത്തിലുണ്ടാകുന്ന ഈ പൂപ്പല്‍ബാധയെ ചികിത്സിക്കാന്‍ നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന് കുറച്ചുകൂടി സുരക്ഷിതമായ മറ്റ് ചികിത്സകള്‍ തേടുന്നതാണ് ഉത്തമം.

നാടന്‍ ചികിത്സകളാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഫലപ്രദം. നഖത്തിലെ പൂപ്പല്‍ബാധയ്ക്ക് എതിരെ വീട്ടില്‍ തന്നെ ചെയ്യാവുന്ന അത്തരത്തിലുള്ള നിരവധി ചികിത്സകളുണ്ട്. ഇവയുടെ കാര്യക്ഷമത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വര്‍ഷങ്ങളായുള്ള ഉപയോഗത്തില്‍ നിന്ന് ഇവ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളില്ലെന്ന് മാത്രമല്ല പെട്ടെന്ന് തന്നെ കുഴി നഖം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു. അത്തരത്തിലുള്ള ചില ഒറ്റമൂലികളെ കുറിച്ച് അറിയാം.

വിക്സ് വാപോറബ്

ചുമയുള്ളവര്‍ക്കായി വിപണനം ചെയ്യുന്ന ഒരു ഉല്‍പ്പന്നമാണ് വിക്സ് വാപോറബ്. എന്നിരുന്നാലും, കാല്‍വിരലിലെ നഖത്തിലെ ഫംഗസിനെതിരെ പോരാടാന്‍ ഇത് ഫലപ്രദമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 48 ആഴ്ച എല്ലാ ദിവസവും ഇത് ചര്‍മ്മത്തില്‍ പ്രയോഗിച്ച 27.8% പേര്‍ക്കും നഖത്തിലെ ഫംഗസ് ബാധ പൂര്‍ണ്ണമായും മാറിയെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. 55.6% പേര്‍ക്ക് ഭാഗികമായ പുരോഗതി ഉണ്ടായതായും പറയുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഓസ്‌ട്രേലിയന്‍ ടീ ട്രീയില്‍ നിന്നാണ് വരുന്നത്. പരമ്പരാഗതമായി ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ചികിത്സയായി ഉപയോഗിക്കുന്ന ഒരു അവശ്യ എണ്ണയാണിത്. പ്രാദേശികമായി ഉപയോഗിക്കുമ്പോള്‍ നഖത്തിലെ ഫംഗസിനെതിരെ പോരാടാന്‍ ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും, കൂടുതല്‍ ഗവേഷണം ആവശ്യമാണ്. കാല്‍വിരലിലെ നഖത്തിലെ ഫംഗസിന് ടീ ട്രീ ഓയില്‍ ഉപയോഗിക്കുകയാണെങ്കില്‍, അത് പ്രാദേശികമായി മാത്രം ഉപയോഗിക്കുക.

വിനാഗിരി

വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തിനെ പെട്ടെന്ന് ഇല്ലാതാക്കാം. വിനാഗിരിയില്‍ അല്‍പം വെള്ളമൊഴിച്ച് അതില്‍ കാല്‍മുക്കി വെക്കാം.

ഉപ്പുവെള്ളം

ഫംഗസിനെയും ബാക്ടീരയകളെയും നശിപ്പിക്കാന്‍ ഉപ്പുവെള്ളത്തിന് കഴിയും. കടലിനടുത്ത് താമസിക്കുന്നവര്‍ക്ക് ഏറ്റവും ഫലപ്രദം കടല്‍ വെള്ളത്തില്‍ കാല്‍ ഇടുന്നതാണ്. ഉപ്പുവെള്ളത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ ചികിത്സ പൂപ്പല്‍ബാധയ്ക്ക് എതിരെ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യം വിരലുകളിലെ നഖം വെട്ടി വൃത്തിയാക്കുക. പൂപ്പല്‍ബാധയുള്ള സ്ഥലങ്ങളില്‍ ഉപ്പുവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തെ ഇല്ലാതാക്കാം. ഇതില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖമുള്ള കാലുകള്‍ പതിവായി കഴുകുക. അരമണിക്കൂര്‍ നേരം ഈ ലായനിയില്‍ കാലുകള്‍ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.

ചെയ്യേണ്ട രീതി: രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ മൂന്ന് തവണ ഇത് ചെയ്യണം. ഇതിന് ശേഷം കുഴിനഖമുള്ള വിരലുകള്‍ നന്നായി തുടച്ച് വിറ്റാമിന്‍ ഇ പുരുട്ടുക. പൂപ്പല്‍ബാധ ഭേദമാവാന്‍ വിറ്റാമിന്‍ ഇ സഹായിക്കും. പൂപ്പല്‍ ബാധക്ക് ഏറ്റവും പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ.

മോയ്‌സ്ചറൈസിംഗ്

മോയ്‌സ്ചറൈസിംഗ് ക്രീമുകള്‍ ഇത്തരത്തില്‍ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. രാത്രി കിടക്കാന്‍ നേരം വിരലില്‍ തേച്ച് പിടിപ്പിച്ച് ഒരു ബാന്‍ഡേജ് ഇട്ട് ഒട്ടിച്ച് കിടക്കുക. രാവിലെ എടുത്ത് കളയണം. ഇത്തരത്തില്‍ ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ മതി. കുഴിനഖം പമ്പ കടക്കും.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക.

പിന്നീട് കാല്‍ പുറത്തെടുത്ത് നന്നായി തുടച്ച് ഈര്‍പ്പരഹിതമാക്കുക. വിരലുകളില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി പുരട്ടുക. ഷൂവിന്റെ ഉപയോഗം കുറച്ച് സാന്‍ഡലുകളോ ഫല്‍പ് ഫ്‌ളോപ്പുകളോ ഉപയോഗിക്കുക. ഇത് പതിവായി ചെയ്യുക. പൂപ്പല്‍ബാധ പൂര്‍ണ്ണമായും മാറുന്നത് വരെ തുടരുകയും വേണം.

ബേക്കിംഗ് സോഡ

ക്ഷാരഗുണം ഉള്ളതിനാല്‍ പിഎച്ച് ലെവല്‍ സംതുലിതമാക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കും. ഇതോടെ ബാക്ടീരിയകളുടെയും പൂപ്പലുകളുടെയും വളര്‍ച്ച തടസ്സപ്പെടും. ബേക്കിംഗ് സോഡയും ഇളംചൂട് വെള്ളവും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി പൂപ്പല്‍ബാധയുള്ള വിരലുകളില്‍ പുരട്ടുക. ഷൂവിലും കുറച്ച് അപ്പക്കാരം വിതറുക. ഇതോടെ നിങ്ങളുടെ പാദങ്ങളില്‍ പൂപ്പല്‍ബാധയുണ്ടാകുന്നത് തടയാനാകും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിക്കുക. അല്‍പം മഞ്ഞള്‍പ്പൊടിയില്‍ വെള്ളം ഒഴിച്ച് ഇത് പഞ്ഞി ഉപയോഗിച്ച് പൂപ്പല്‍ബാധയുള്ള വിരലുകളില്‍ പുരട്ടുക. ദിവസവും മൂന്നുനേരം ഇത്തരത്തില്‍ ചെയ്യണം. മഞ്ഞളിന്റെ സത്ത് (300 മില്ലിഗ്രാം) ദിവസവും മൂന്നു തവണ കുടിക്കുന്നതും ഉത്തമമാണ്.

വേപ്പെണ്ണ

വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. വേപ്പെണ്ണ നഖങ്ങള്‍ക്ക് മികച്ച ആരോഗ്യം പ്രദാനം ചെയ്യുകയും അവയുടെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക. വേപ്പെണ്ണയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങളാണ് അതിന്റെ ഗന്ധത്തിന് കാരണം.

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങള്‍ പ്രശസ്തമാണ്. അപൂര്‍വ്വയിനം പൂരിത കൊഴുപ്പായ ലൗറിക് ആസിഡ് വെളിച്ചെണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീഡിയം ചെയ്ന്‍ ട്രൈഗ്ലിസറൈഡുകളാണ് ഈ പൂരിത കൊഴുപ്പുകള്‍. വെളിച്ചെണ്ണയ്ക്ക് ആന്റി ഇന്‍ഫ് ളമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്.

ഇതൊക്കെ വീട്ടില്‍ നിന്നും ചെയ്യാവുന്ന ചികിത്സകളാണെങ്കിലും നിങ്ങളുടെ നഖത്തിലെ ഫംഗസ് അലട്ടുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ കാലക്രമേണ ലക്ഷണങ്ങള്‍ വഷളാകുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.

പ്രമേഹം ഉള്ളവരോ രോഗപ്രതിരോധ ശേഷി കുറഞ്ഞവരോ കാല്‍വിരലിലെ നഖത്തിലെ ഫംഗസിന്റെ ചെറിയ കേസുകള്‍ ഉടന്‍ തന്നെ പരിഹരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍, നഖത്തിലെ ഫംഗസ് സെല്ലുലൈറ്റിസ് അല്ലെങ്കില്‍ സിസ്റ്റമിക് ഫംഗസ് അണുബാധ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഡോക്ടര്‍ ഉചിതമായ മരുന്നുകള്‍ നല്‍കിയേക്കാം.

നിങ്ങള്‍ക്ക് നഖത്തിന് കഠിനവും ശാശ്വതവുമായ ഫംഗസ് അണുബാധയുണ്ടെങ്കില്‍, കാല്‍വിരലിലെ നഖം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും ഡോക്ടര്‍ ശുപാര്‍ശ ചെയ്തേക്കാം.

Similar News