തലമുടി തഴച്ചുവളരും: ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

Update: 2025-02-14 09:23 GMT

ഇന്നത്തെ തിരക്കിട്ട ജീവിത സാഹചര്യത്തില്‍ ശരിയായ രീതിയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇതിന്റെ ഫലമായി പല ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നു. അതില്‍ പ്രധാനമാണ് തലമുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിയാം. തലമുടി കൊഴിച്ചിലിന് നമ്മുടെ ഭക്ഷണ രീതികളും ഒരു പ്രധാന കാരണമാണ്.

തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും വളരെ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് നഷ്ടപ്പെടുന്നതും തലമുടി കൊഴിഞ്ഞുപോകുന്നതും. ഇത് പരിഹരിക്കാന്‍ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

ചീര

വിറ്റാമിനുകളും സിങ്കും അയേണും ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.

ബീറ്റ് റൂട്ട്

വിറ്റാമിന്‍ എ, ബി 6, സി നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബീറ്റ് റൂട്ട്. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നതും തലമുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്നു.

കാരറ്റ്

വിറ്റാമിന്‍ എയുടെ കലവറയായ കാരറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങളും കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും കാരറ്റ് കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

അവക്കാഡോ

അവക്കാഡോ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ രക്തചംക്രണം കൂട്ടുകയും തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ബദാം, വാള്‍നട്ട്, ചണവിത്ത് എന്നിവ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങളിലും പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

മുട്ട

പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി തലമുടിയുടെ ആരോഗ്യത്തിന് വേണ്ട എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

മത്സ്യം

പ്രോട്ടീന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ചിക്കന്‍

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

നട്‌സും സീഡുകളും

ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍, സിങ്ക്, മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ബദാം, വാള്‍നട്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയ നട്സും വിത്തുകളും കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Similar News