കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പല്ല് വരാന്‍ എത്ര മാസം എടുക്കും; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? അറിയാം വിശദമായി

ചില കുട്ടികളില്‍ ആദ്യത്തെ 6 മാസത്തിനുള്ളില്‍ തന്നെ പല്ല് കണ്ട് തുടങ്ങും;

Update: 2025-06-21 10:34 GMT

കൊച്ചു കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വീട്ടിലുള്ളവര്‍ക്കെല്ലാം വളരെ കരുതലും ജാഗ്രതയും ഒക്കെയാണ്. പിറന്നത് മുതല്‍ കുഞ്ഞിന്റെ ഓരോ ചലനവും എല്ലാവരും നിരീക്ഷിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടവും ഇതിലൂടെ തിരിച്ചറിയാനും കഴിയും. കുഞ്ഞിന്റെ കളി ചിരികള്‍ വീട്ടിലെ അന്തരീക്ഷം തന്നെ മാറ്റിമറിക്കും.

കുഞ്ഞിന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും. ഓരോ മാസവും കുഞ്ഞിന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ പ്രകടമാകും. അതില്‍ ഒന്നാണ് ആദ്യത്തെ പല്ല് മുളക്കുന്നത്. പലര്‍ക്കും കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ വേണ്ടത്ര അറിവുകള്‍ ഒന്നും ഉണ്ടാകില്ല. ശരീരത്തില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ കുട്ടികള്‍ കരച്ചിലിലൂടെ പ്രകടിപ്പിക്കും. എന്നാല്‍ വീട്ടിലുള്ളവര്‍ കുഞ്ഞിന് അസുഖമാണെന്ന് കരുതി ആശുപത്രികളില്‍ കൊണ്ടുപോകാറുമുണ്ട്.

കുഞ്ഞിന് പല്ല് മുളക്കുന്നത് എപ്പോള്‍, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് പല മാതാപിതാക്കള്‍ക്കും വ്യക്തമായ ധാരണ ഉണ്ടാകില്ല. ചില കുട്ടികളില്‍ ആദ്യത്തെ 6 മാസത്തിനുള്ളില്‍ തന്നെ പല്ല് കണ്ട് തുടങ്ങും. ചിലരില്‍ ഒരു വയസ്സിലേക്ക് അടുക്കുമ്പോഴായിരിക്കും പല്ല് മുളച്ച് തുടങ്ങുന്നത്.

കുട്ടിക്ക് ആറുമാസം ആയിട്ടും പല്ല് വരുന്ന് കാണുന്നില്ലെങ്കില്‍ ചില മാതാപിതാക്കള്‍ക്ക് ഭയങ്കര ആകാംക്ഷയും പരിഭ്രമവും ഒക്കെ ഉണ്ടാകാം. എന്നാല്‍ അതിന്റെ ഒന്നും ആവശ്യമില്ല. അല്‍പം വൈകിയെങ്കിലും പല്ല് മുളച്ചുവരും. ഇല്ലെങ്കില്‍ ഡോക്ടറെ സമീപിച്ചാല്‍ മതി.

പല്ല് മുളച്ചുവരുമ്പോള്‍ കുഞ്ഞ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്നും പല്ലു വളരുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും അറിയാം;

മോണയില്‍ ചുവപ്പ് നിറം

പലപ്പോഴും കുഞ്ഞിന്റെ മോണയില്‍ ചുവപ്പ് നിറം പോലെ കാണപ്പെടുന്നെങ്കില്‍ അത് പല്ല് വരുന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. മോണയില്‍ കുഞ്ഞിന് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടുന്നു. വായില്‍ നിന്ന് ധാരാളം ഉമിനീരും പുറത്തേക്ക് വരുന്നു. ഈ സമയത്ത് ഇടക്കിടെ മുഖം തുടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പേടിക്കേണ്ട കാര്യമില്ല. ഇതെല്ലാം കുഞ്ഞിന് പല്ല് വരുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്.

ഉറക്കം കുറയുന്നു

പല്ല് വരുന്ന സമയങ്ങളില്‍ കുഞ്ഞിന്റെ ഉറക്കം നഷ്ടമാകുന്നു. പല്ല് വരുമ്പോഴുള്ള അസ്വസ്ഥതയാണ് ഇതിന് കാരണം. പലപ്പോഴും പല്ലിന്റെ ചലനം രാത്രിയില്‍ ആയിരിക്കും കൂടുതല്‍ സജീവമാവുന്നത്. രാത്രികളിലെ കുഞ്ഞിന്റെ ഉറക്കമില്ലായ്മ മാതാപിതാക്കളെയും അസ്വസ്ഥരാക്കുന്നു.

വിശപ്പ് കുറയുന്നത്

കുഞ്ഞിന്റെ വിശപ്പ് കുറയുന്നതും ഇത്തരത്തില്‍ പല്ല് വരുന്നതിനെ സൂചിപ്പിക്കുന്നു. പലപ്പോഴും മുലപ്പാല്‍ കുടിക്കുന്നത് കുഞ്ഞ് സ്വാഭാവികമായും കുറച്ച് സമയത്തേക്ക് കുറക്കുന്നു. എന്നാല്‍ ഇത് കൂടുതലോ കുറവോ ആണെങ്കിലും കുഞ്ഞുങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. മോണവേദനയായിരിക്കും കുഞ്ഞിനെ പാല് കുടിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

കരച്ചില്‍ കൂടുതല്‍

പല്ല് വരുന്ന സമയങ്ങളില്‍ കുഞ്ഞ് കരയും. എന്നാല്‍ മുതിര്‍ന്നവര്‍ കുഞ്ഞിന് വല്ല അസുഖവും പിടിപെട്ടതായി സംശയിച്ച് ഡോക്ടറെ സമീപിക്കുന്നത് സാധാരണയാണ്. ഇത്തരം ഘട്ടങ്ങളില്‍ പരിഭ്രമിക്കരുത്. പല്ല് വരുന്ന അസ്വസ്ഥതയും വേദനയും കാരണമാണ് കുഞ്ഞ് കരയുന്നത്.

കടിക്കുന്നു

ചില കുട്ടികള്‍ പല്ലു വരുന്ന അവസരത്തില്‍ കടിക്കുന്നത് അല്‍പം കൂടുതലായിരിക്കും. പ്രത്യേകിച്ച് പാല്‍ കുടിക്കുമ്പോള്‍ കുട്ടികള്‍ കടിക്കുന്നു. ഇതെല്ലാം ചെയ്യുന്നത് പല്ല് വരുമ്പോള്‍ മോണയിലുണ്ടാവുന്ന വേദനയും അസ്വസ്ഥതയും അകറ്റാനാണ്. അതുകൊണ്ട് തന്നെ ഈ സമയം അമ്മമാര്‍ വളരെ ശ്രദ്ധിച്ച് വേണം കുഞ്ഞിന് പാല്‍ കൊടുക്കുന്നതിന്.

പനി

ചില കുട്ടികളില്‍ പല്ല് വരുമ്പോള്‍ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. എന്നാല്‍ 101 ഡിഗ്രിയില്‍ കൂടുതലാണ് പനി എന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. ചില കുട്ടികളില്‍ വയറിളക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവാം.

പ്രതിരോധിക്കാന്‍

കുഞ്ഞിന് പല്ല് വരുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കുഞ്ഞിന് ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കാത്ത കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പല്ല് ക്ലീന്‍ ചെയ്യാന്‍ അല്ലെങ്കില്‍ മോണ വൃത്തിയാക്കാന്‍ വേണ്ടി നല്ല വൃത്തിയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിക്കാം. വേദനയും മറ്റും കൂടുതലുണ്ടെങ്കില്‍ പീഡിയാട്രീഷ്യനെ കാണിക്കുന്നത് നല്ലതാണ്. കുഞ്ഞിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ മാത്രം നല്‍കുന്നതിനും ശ്രദ്ധിക്കുക.

Similar News