ചൂടുകാലമാണ് വരാന്‍ പോകുന്നത്. കത്തുന്ന ചൂടില്‍ പലര്‍ക്കും നിര്‍ജലീകരണം സംഭവിക്കുന്നത് പതിവാണ്. വേനല്‍ക്കാലത്ത് ആരോഗ്യകരമായരീതിയില്‍ ശരീരവും ചര്‍മവും കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഭക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും വേണം.
വേനല്‍ കാലത്ത് ശരീരം തണുപ്പാക്കി നിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആവശ്യത്തിന് ജലാംശം ലഭിക്കുന്ന ഭക്ഷണമാണ് ഈ അവസരത്തില്‍ കഴിക്കേണ്ടത്. അതിനായി എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നും എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാതിരിക്കേണ്ടതെന്നും അറിയേണ്ടതുണ്ട്.
പപ്പായ, കൈതച്ചക്ക, അവോക്കാഡോ തുടങ്ങിയ പഴങ്ങള്‍ വേനല്‍ കാലത്ത് കഴിക്കുന്നത് നല്ലതല്ല. അത് ശരീരത്തില്‍ കൂടുതല്‍ ചൂടിന് കാരണമാകും. അതുകൊണ്ടുതന്നെ നല്ല തണുപ്പ് തരുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും ഈ അവസരത്തില്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. അത്തരത്തിലുള്ള ഭക്ഷണങ്ങളെ പരിചയപ്പെടാം
ഇളനീര്‍
ഇളനീര്‍ കഴിക്കുന്നത് വേനല്‍ക്കാലത്ത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മത്തെ ശുദ്ധവും മൃദുവുമാക്കി മാറ്റുന്നു. ശരീരത്തിലെ വിഷാംശങ്ങളെയും നീക്കം ചെയ്യും.
മോര്
വേനല്‍ക്കാലത്ത് ചൂടകറ്റാന്‍ മോര് സംഭാരം വളരെ നല്ലതാണ്. മോര് കുടിക്കുന്നത് വഴി ശരീരത്തെ തണുപ്പിക്കുകയും ശരീരത്തില്‍ കടന്നുകൂടുന്ന ബാക്ടീരിയകളെ കൊല്ലുകയും ചെയ്യുന്നു.
തണ്ണിമത്തങ്ങ
വേനല്‍ക്കാലം തണ്ണിമത്തങ്ങയുടേയും കാലമാണ്. വയര്‍ എപ്പോഴും തണുപ്പായി നിര്‍ത്താന്‍ തണ്ണിമത്തങ്ങ കഴിക്കുന്നത് നല്ലതാണ്. ചൂടിനെ ശമിപ്പിക്കുന്നതിനൊപ്പം 90 ശതമാനം ജലാംശവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഓറഞ്ച്
വേനല്‍ക്കാലത്ത് കഴിക്കേണ്ട ഒരു പ്രധാന ഭക്ഷ്യവസ്തുവാണ് സിട്രസ് പഴമായ ഓറഞ്ച്. വൈറ്റമിന്‍ സിയും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിന് ഊര്‍ജ്ജം നല്‍കും.
തക്കാളി
തക്കാളി വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗാണുക്കളെ കൊല്ലുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് കഴിക്കേണ്ട വിഭവമാണ് തക്കാളി.
തയ്ക്കുമ്പളം
വേനല്‍ക്കാലത്ത് കഴിക്കേണ്ട മറ്റൊരു ഭക്ഷ്യവസ്തുവാണ് തയ്ക്കുമ്പളം. ദിവസവും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വേനല്‍ക്കാലത്ത് നന്നായി വിയര്‍ക്കുന്നവര്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.
പേരയ്ക്ക
വേനല്‍ക്കാലത്ത് കഴിക്കേണ്ട മറ്റൊരു ഭക്ഷ്യവസ്തുവാണ് പേരക്ക. വൈറ്റമിന്‍ സിയും മറ്റ് ആന്റിയോക്സിഡന്റ്സും അടങ്ങിയ പേരയ്ക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നു. പേരക്കയില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
വേനല്‍കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കാപ്പി
തണുപ്പുകാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ കാപ്പിക്ക് കഴിയും. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് ഒഴിവാക്കേണ്ടതാണ്. കാരണം ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ചൂട് കൂടും. അതുകൊണ്ടുതന്നെ കാപ്പി ഒഴിവാക്കി ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്.
വറുത്ത ആഹാരങ്ങള്‍
ഓയില്‍ കൂടുതലുള്ള വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നത് വേനല്‍ക്കാലത്ത് നല്ലതല്ല. ഇത് കൂടുതല്‍ അലസത ഉണ്ടാക്കും. അതുകൊണ്ടുതന്നെ വറുത്ത ആഹാരങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍ വേനല്‍ക്കാലത്ത് മത്സ്യ വിഭവങ്ങള്‍ കഴിക്കുന്നത് കുറക്കുന്നതാണ് നല്ലത്. ആട്ടിറച്ചിയും ചിക്കനുമൊക്കെ കഴിക്കുന്നത് വഴി ശരീരത്തില്‍ കൂടുതല്‍ ചൂട് കയറും.
ജംങ്ക് ഫുഡ്
വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണമാണിത്. കൃത്രിമ പദാര്‍ത്ഥങ്ങളടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ ക്ഷീണിതനാക്കും.
എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍
എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ടതാണ്. സ്പൈസി ഫുഡ് കഴിക്കുന്നത് വഴി ശരീരത്തില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും.
സോസ് ചേര്‍ത്ത ഭക്ഷണങ്ങള്‍
സോസ് ചേര്‍ത്ത ഭക്ഷണങ്ങള്‍ വയറിന് കേടുവരുത്തും. മാത്രമല്ല അത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി അലസത ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ബാര്‍ബിക്യൂ ചിക്കന്‍, സോസ് മുക്കിയ വിഭവങ്ങള്‍ എന്നിവ വേനല്‍ക്കാലത്ത് ഒഴിവാക്കാവുന്നതാണ്.
തേന്‍
ശരീരത്തില്‍ ചൂടുണ്ടാക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ തേന്‍ കഴിക്കുന്നതും ഒഴിവാക്കാം.