AIR CONDITIONER | എസിയില്‍ ഇരുന്നാല്‍ ചൂടിന് ശമനം ഉണ്ടാകും; പക്ഷെ കൂടുതല്‍ നേരം ഉപയോഗിച്ചാല്‍ കാത്തിരിക്കുന്നത് ഗുരുതരമായ ഈ പാര്‍ശ്വഫലങ്ങള്‍

Update: 2025-03-28 10:55 GMT

അസഹ്യമായ ചൂടില്‍ വീടിനകത്തിരിക്കുന്നതും പുറത്തിരിക്കുന്നതും പ്രയാസകരമായ കാര്യമാണ്. വീടിനുള്ളിലും ഓഫീസിലും ജോലി ചെയ്യുന്നവര്‍ ഈ സമയത്ത് എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് പതിവാണ്. ചൂടിന് ആശ്വാസം കിട്ടുമെങ്കിലും ദിവസം മുഴുവനും എസി മുറിയില്‍ ഇരുന്ന് ജോലി ചെയ്താല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാം. എന്തൊക്കെ പാര്‍ശ്വഫലങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാകുക എന്ന് നോക്കാം.

ആസ്ത്മയും അലര്‍ജിയും

ആസ്ത്മയോ അലര്‍ജിയോ ഉള്ളവരില്‍ എസിയുടെ ഉപയോഗം അവരുടെ ആരോഗ്യാവസ്ഥ വഷളാക്കും. അലര്‍ജ്ജിയുള്ളവരില്‍, വീട്ടിലെ എസി വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയില്ലെങ്കിലും, വീടിന് പുറത്തുള്ള സ്ഥലങ്ങളില്‍ പ്രത്യേകിച്ച് സിനിമ തിയേറ്റര്‍ പോലെയുള്ള സ്ഥലങ്ങളിലെ എസി ആസ്ത്മ അല്ലെങ്കില്‍ അലര്‍ജ്ജി ഉള്ളവരുടെ സ്ഥിതി കൂടുതല്‍ വഷളാക്കും. അതുപോലെ തന്നെ എസി ശരിയായി വൃത്തിയാക്കുകയും പരിപാലിക്കുകയും വേണം. മറിച്ചായാല്‍ ഇതേ അവസ്ഥ വന്നേക്കാം.

നിര്‍ജലീകരണം

മറ്റ് മുറികളെ അപേക്ഷിച്ച് എസി ഉള്ള മുറികളില്‍ നിര്‍ജ്ജലീകരണ നിരക്ക് കൂടുതലാണ്. എസി, മുറിയില്‍ നിന്ന് ഈര്‍പ്പം കൂടുതല്‍ വലിച്ചെടുക്കുന്നതും നിര്‍ജ്ജലീകരണത്തിന് കാരണമാകും. കുറഞ്ഞ താപനിലയിലാണ് എസി സജ്ജീകരിച്ചിരിക്കുന്നതെങ്കില്‍ നിര്‍ജലീകരണ തോത് കൂടും. ഇത് അവഗണിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

വരണ്ട കണ്ണുകള്‍

വരണ്ട കണ്ണുകളുകള്‍ ഉള്ളവര്‍ എസിയില്‍ കൂടുതല്‍ നേരം നില്‍ക്കുന്നത് ഈ പ്രശ്‌നം വഷളാക്കും. മാത്രമല്ല, ചൊറിച്ചിലും അലര്‍ജ്ജിയും അനുഭവപ്പെടും. ഡ്രൈ ഐ സിന്‍ഡ്രോം ഉള്ളവര്‍ എസിയില്‍ അധികനേരം നില്‍ക്കുന്നതും നല്ലതല്ല.

തലവേദന

എസി കാരണം നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തലവേദനയ്ക്കും മൈഗ്രെയിനിനും കാരണമാകും. എസി മുറികളില്‍ കയറി ഇറങ്ങുമ്പോഴോ, ഏറെ നേരം എസിയിലിരുന്ന് പെട്ടെന്ന് പുറത്തെ ചൂടില്‍ പോകുമ്പോഴോ തലവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എസി മുറികള്‍ ശരിയായി പരിപാലിക്കാത്ത സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ തലവേദനയും മൈഗ്രേനും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പകര്‍ച്ചവ്യാധികള്‍

കൂടുതല്‍ നേരം എസിയില്‍ ഇരിക്കുന്നത് മൂക്ക് വരണ്ടതാക്കും. കഫം മൂലമുണ്ടാകുന്ന അസ്വസ്ഥതകളോ കഫം ഉണങ്ങുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളോ അനുഭവപ്പെട്ടേക്കാം. അതോടൊപ്പം നാസികാ ദ്വാരത്തില്‍ മ്യൂക്കസിന്റെ അഭാവം ഉണ്ടാകുന്നതിനാല്‍ വൈറല്‍ അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്.

അലസത

ഏറെ നേരം എസിയില്‍ ഇരിക്കുന്നവരില്‍ അലസതയും മന്ദതയും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ എസിക്ക് പകരം പ്രകൃതിദത്ത വെന്റിലേഷന്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ചൊറിച്ചില്‍ ഉള്ള വരണ്ട ചര്‍മ്മം

എസിയില്‍ ഇരിക്കുന്നതിനൊപ്പം അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ചര്‍മ്മം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയേക്കാമെങ്കിലും വരണ്ട ചര്‍മ്മം മൂലമുണ്ടാകുന്ന വിഷമതകള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.

ശ്വസന പ്രശ്‌നങ്ങള്‍

ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നത് മൂക്കിലും തൊണ്ടയിലും കണ്ണിലും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വരണ്ട തൊണ്ട, റിനിറ്റിസ്, മൂക്കില്‍ അസ്വസ്ഥതകള്‍ എന്നിവയും അനുഭവപ്പെടാം. മൂക്കിലെ കഫ മെംബറേനില്‍ വീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് റിനിറ്റിസ്. വൈറല്‍ അണുബാധ മൂലമോ അലര്‍ജി പ്രതിപ്രവര്‍ത്തനം മൂലമോ ഇത് സംഭവിക്കാം.

Similar News